ബിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

നക്‌സലുകള്‍ സ്‌റ്റേഷനില്‍ സാധനങ്ങള്‍ക്ക് തീവെച്ചപ്പോള്‍

പട്‌ന: ബിഹാറില്‍ റെയില്‍വെ സ്റ്റേഷന്‍ ആക്രമിച്ച് നക്‌സലുകള്‍ മൂന്ന് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ബിഹാറിലെ മസുധന്‍ സ്‌റ്റേഷനിലാണ് ഇന്നലെ രാത്രിയോടെ നക്‌സലുകള്‍ ആക്രമണം നടത്തിയത്. തട്ടിക്കൊണ്ടുപോയവരില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഡിസംബര്‍ 20ന് ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സ്റ്റേഷനിലെ നിരവധി സാധനങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്ത നക്‌സലുകള്‍ പിന്നീട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മസുധന്‍ പാളത്തിലൂടെ ട്രെയിന്‍ ഓടുകയാണെങ്കില്‍ തങ്ങളെ കൊന്നുകളയുമെന്ന് നക്‌സലുകള്‍ ഭീഷണിപ്പെടുത്തിയതായി അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഡിവിഷണല്‍ റെയില്‍വെ മാനേജറെ ഫോണില്‍ വിളിച്ച് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കാണാതായ ഉദ്യോഗസ്ഥര്‍ക്കായി സിആര്‍പിഎഫും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനു മുന്‍പും സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ 20 ഓളം വരുന്ന നക്‌സലുകള്‍ ട്രെയിന്‍ തട്ടിയെടുത്തിരുന്നു.

DONT MISS
Top