കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് തോളിലേറ്റി വനത്തിലെത്തിച്ച് വനപാലകന്‍; (വീഡിയോ)

കുഴിയില്‍ വീണുപോയ കുട്ടിയാനയെ വനപാലകന്‍ തോളിലേറ്റി വനത്തിലെത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നുന്നത്. മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയാനയെ തോളില്‍ ചുമന്ന് കാട്ടിലെത്തിച്ചത്.

ഊട്ടി മേട്ടുപ്പാളയത്തിന് സമീപം റോഡില്‍ കാട്ടാന വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് വനപാലകര്‍ സ്ഥലത്തെത്തുന്നത്. കാട്ടിലേക്ക് തിരികെ പോകാതെ റോഡില്‍ തന്നെ നിലയുറപ്പിച്ച കാട്ടാനയെ ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിയാണ് കാട്ടിലേക്ക് തിരിച്ചയച്ചത്.

പോകാന്‍ കൂട്ടാക്കാതിരുന്ന പിടിയാനയെ തിരിച്ചയച്ച ശേഷമാണ് വനപാലകരും മറ്റുള്ളവരും കുട്ടിയാനയുടെ നിലവിളി കേട്ടത്. വെളളം കുടിക്കാനായി പുഴയ്ക്കരുകിലേക്ക് വന്നപ്പോള്‍ സമീപത്തുള്ള കാനയില്‍ വീണ് പോയതായിരുന്നു കുട്ടിയാന. ഇതോടെയാണ് കുട്ടിയാനയെ കാത്താണ് അമ്മയാന വഴിയില്‍ തന്നെ നിലയുറപ്പിച്ചതെന്ന് മനസ്സിലായത്.

ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കുട്ടിയാന കുഴിയില്‍ വീണു പോയത്. പിന്നീട് കാനയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയാനയെ വനപാലകര്‍ കാട്ടിലെത്തിക്കുകയായിരുന്നു. തീരെ അവശനായിരുന്നതിനാല്‍ വനപാലകരിലൊരാള്‍ ചുമലിലേറ്റിയാണ് കുട്ടിയാനയെ കാട്ടിലെത്തിച്ചത്.

വനത്തിലെ കാട്ടാനക്കൂട്ടത്തിനടുത്തേക്ക് കുട്ടിയാനയെ ഓടിച്ചു വിട്ടെങ്കിലും പാതിവഴി വരെ പോയ കുട്ടിയാന വനപാലകര്‍ക്കടുത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നു. പിന്നീട് അമ്മയാന എത്തുന്നതു വരെ രണ്ട് ദിവസമാണ് വനപാലകര്‍ കുട്ടിയാനയെ സംരക്ഷിച്ചത്.

ഈ രണ്ട് ദിവസങ്ങളില്‍ ലാക്ടജനും ഗ്ലൂക്കോസും കരിക്കിന്‍ വെള്ളവുമൊക്കെ കുപ്പിയിലാക്കി നല്‍കിയത് ആസ്വദിച്ച കഴിച്ച വനപാലകരുമായി ചങ്ങാത്തത്തിലായിരുന്നു കുട്ടിയാന. പിന്നീട് കുട്ടിയാനയെ അന്വേഷിച്ച് നടന്ന അമ്മയാനയും സംഘവും വനപാലകര്‍ക്കടുത്തെത്തുകയായിരുന്നു. എന്തായാലും കുഞ്ഞനാനയെ അമ്മയെ തിരികെ ഏല്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് വനപാലകര്‍.

DONT MISS