“ഒടിയന്‍ മാണിക്യനാകാന്‍ യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ; പരിഹസിക്കുന്നവര്‍ വികലമായ മാനസികാസ്ഥയില്‍”: കട്ട സപ്പോര്‍ട്ടുമായി സംവിധായകന്‍ എംഎ നിഷാദ്


ഒടിയന്‍ മാണിക്യനിലെ വേഷപ്പകര്‍ച്ചയുടെ പേരില്‍ മോഹന്‍ലാലിനെ പരിഹസിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്. മോഹന്‍ലാലിനെ ഒരു പരിഹാസകഥാപാത്രമാക്കുന്ന മനസ്, അത് കടുത്ത അസംതൃപ്തിയില്‍ നിന്നും വികലമായ മാനസികാവസ്ഥയില്‍ നിന്നും ഉടലെടുത്തതാണെന്ന് പറയാതെ വയ്യെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിഷാദ് അഭിപ്രായപ്പെട്ടു.

ഒടിയന്‍ എന്ന ചിത്രത്തിലെ ഒടിയന്‍ മാണിക്യനായി മാറാന്‍ സമാനതകളില്ലാത്ത തയ്യാറെടുപ്പാണ് ലാല്‍ നടത്തിയിരിക്കുന്നത്. മാണിക്യന്റെ യൗവനകാലത്തിനായി 15 കിലോയോളം ശരീരഭാരമാണ് ലാല്‍ കുറച്ചിരിക്കുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലരും കളിയാക്കലുകളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ചിലത് സാധാരണ ട്രോളുകളായി അവശേഷിച്ചപ്പോള്‍ മറ്റുചിലര്‍ അപഹസിക്കുന്ന തരത്തിലായിരുന്നു പോസ്റ്റുകളിട്ടത്.

സംവിധായകന്‍ എംഎ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു നടന്‍, ഒരു കഥാപാത്രമായി മാറാന്‍ എടുക്കുന്ന തയ്യാറെടുപ്പുകള്‍, അല്ലെങ്കില്‍ dedication.. അത് അംഗീകരിക്കാനുളള മനസ്സ് എപ്പോഴാണ്, മലയാളിക്ക് നഷ്ടമായത് ? ( എല്ലാവര്‍ക്കുമല്ല, ചിലര്‍ക്ക്).. മോഹന്‍ലാല്‍ എന്ന നടനെ നമ്മള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് അദ്ദേഹത്തിന്റെ ആകാര ഭംഗി കണ്ടല്ല, മറിച്ച് അദ്ദേഹം ചെയ്തിട്ടുളള കഥാപാത്രങ്ങളെ കണ്ടിട്ടും അംഗീകരിച്ചും ഹൃദയത്തിലേക്കേറ്റടുത്തിട്ടുമാണ്…

ഓരോ കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിച്ച് നമ്മളേ ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നടനെ, ഭാരതം പദ്മശ്രീയും കേണല്‍ പദവിയും ഡോക്ടറേറ്റും നല്‍കി ആദരിച്ച നമ്മളുടെ ഒക്കെ സ്വന്തം മോഹന്‍ലാലിനെ, ട്രോളുകളിലൂടെ, ഒരു പരിഹാസ്യ കഥാപാത്രമാക്കുന്ന മനസ്, അത് കടുത്ത അസംതൃപ്തിയില്‍ നിന്നും വികലമായ മാനസികാവസ്ഥയില്‍ നിന്നും ഉടലെടുത്തതാണെന്ന് പറയാതെ വയ്യ!!

വിമര്‍ശനമാകാം, ആരും വിമര്‍ശനാനീതരല്ല, പക്ഷേ, ഒരാളുടെ ആകാരം വെച്ച് അയാളെ ആക്ഷേപിക്കുന്നത്…അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല… ഈ പറഞ്ഞതിനും പുതിയ അര്‍ത്ഥങ്ങള്‍ ദയവായി വിമര്‍ശകര്‍ കണ്ടെത്തേണ്ട… ഒടിയന്‍ മാണിക്യനാകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ…അദ്ദേഹത്തിന്റെ appearance അത് ആ സിനിമയുടെ സംവിധായകന്‍ നോക്കികൊളളും… ഒടിയനായി മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനെന്ന നിലയില്‍, എന്റെ കട്ട support.. ശ്രീ മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പുതിയ ലുക്കിനും…

NB: രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല…

DONT MISS
Top