ക്ലബ് ലോകകപ്പ് കിരീടം റയലിന്; വിജയം റൊണാള്‍ഡോയുടെ ഏകഗോളില്‍

ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡിന് കിരീടം. രണ്ട് ലോകകപ്പ് താരങ്ങള്‍ അടങ്ങിയ ബ്രസീലിയന്‍ ക്ലബ്ബ് ഗ്രമിയോയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ സീസണിലെ അഞ്ചാംകിരീടം എമന്ന സ്വപ്‌നനേട്ടത്തിന് ഉടമയായത്.

അമ്പത്തിമൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫ്രീ-കിക്കിലൂടെ വിജയഗോള്‍ നേടിയത്. റയലിന്റെ പ്രതാപമൊന്നും വകവെയ്ക്കാതെ കൃത്യമായും ആത്മവിശ്വാസത്തോടെയും പന്തുതട്ടിയ ഗ്രമിയോ കളിയില്‍ ചെറിയൊരു പഴുതുപോലും റയലിന് നല്‍കിയില്ല. റൊണാള്‍ഡോ, കരിം ബന്‍സേമ എന്നവര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നാം പകുതി ശൂന്യമായിരുന്നു. റൊണാള്‍ഡോയുടേയും ബെന്‍സേമയുടേയും ഗോളാകുമെന്ന് പ്രതീക്ഷിച്ച മൂന്നുവീതം അവസരങ്ങള്‍ ഗ്രമിയോയുടെ ഗോള്‍ കീപ്പര്‍ നിഷ്ഫലമാക്കുകയും ചെയ്തു.

സ്പാനിഷ് ലീഗ് കിരീടം, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍ കപ്പ് എന്നിവ സീസണില്‍ നേടിയ റയലിന്റെ അഞ്ചാം കിരീടമാണിത്. ക്ലബ്ബ് ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടുന്ന ടീമെന്ന റെക്കോഡും ഇതോടെ റയല്‍ നേടി. ബാഴ്‌സലോണ മൂന്നു തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും അതില്‍ തുടര്‍ച്ച ഉണ്ടായിരുന്നില്ല. 2016 ജനുവരിയില്‍ റയലിന്റെ പരിശീലകനായി ചുമതലയേറ്റശേഷം സിദാന്‍ റയലിന്റെ ഷോക്കേസിലെത്തിക്കുന്ന എട്ടാം കിരീടമാണിത്.

ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ കിരീടനേട്ടം റയലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴഞ്ഞ സീസണില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും നടപ്പു സീസണില്‍ റയലിന്റെ ഫോം ആശാസ്യമല്ല. സ്പാനിഷ് ലീഗില്‍ ബാഴ്‌സയേക്കാള്‍ എട്ടുപോയിന്റ് താഴെയാണ് റയല്‍ മാഡ്രിഡ്. ഇത് ചെറിയ അന്തരമല്ല. മികച്ച ഫോം വീണ്ടെടുക്കാതെ ലീഗില്‍ അവര്‍ക്ക് പ്രതീക്ഷവയ്‌ക്കൊനും കഴിയില്ല. കരിം ബെന്‍സേമയ്ക്ക് ഒരു പകരക്കാരനെ തേടുന്ന തിരക്കിലാണിപ്പോള്‍ റയല്‍. ജനുവരിയില്‍ പുതിയ സ്‌ട്രൈക്കര്‍ വരുമെന്നാണ് ക്ലബ്ബ് അധികൃതര്‍ ആരാധകര്‍ക്ക് നല്‍കുന്ന ഉറപ്പ്.

DONT MISS
Top