കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കായി ജലസേചനവകുപ്പ് രഹസ്യനീക്കം നടത്തുന്നതായി ആരോപണം

പാലക്കാട്: ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നിലനിൽക്കുമ്പോഴും കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കായി ജലസേചനവകുപ്പ് രഹസ്യനീക്കം നടത്തുന്നതായി ആരോപണം. പാലക്കാട് കഞ്ചിക്കോട് മേഖലയിൽ കഴിഞ്ഞ ദിവസം ഇറക്കിയ പൈപ്പുകൾ പദ്ധതിക്കായി ഇറകിയതാണെന്നാണ് കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധസമിതി ആരോപിക്കുന്നത്. കഞ്ചിക്കോട് പാണംപുള്ളി മേഖലയിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് റോഡിന്റെ ഇരുവശങ്ങളിലുമായി പൈപ്പുകൾ ഇറക്കിയിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കം എപ്പോഴാണ് നടന്നതെന്ന് സ്ഥലവാസിക്കാൾക്ക് അറിവില്ല. അർധരാത്രിയ്ക് ശേഷമാകം പൈപ്പുകൾ ഇറകിയതെന്ന് പ്രദേശവാസികൾ പറയുന്നു.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നിലനിൽക്കുമ്പോഴും സമരങ്ങളെ അട്ടിമറിച്ച് കിൻഫ്ര പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധസമിതി ആരോപിക്കുന്നു. രണ്ടാഴ്ച മുൻപ് പൈപ്പിന്റെ ഗുണമേന്മാ പരിശോധനയ്ക്കായി വാട്ടർ അതോറിറ്റി ടെക്നിക്കൽ സംഘം കൊല്‍ക്കത്തയിലെ പൈപ്പ് കമ്പനി സന്ദർശിച്ചിരുന്നതായും ഇതിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റീൽ കമ്പനിയുടെ പൈപ്പുകൾ പ്രദേശത്ത് ഇറക്കിയതെന്നും സമരസമിതി ആരോപിക്കുന്നു.

പൈപ്പുകൾ ഇനിയും ഇറക്കാനുള്ള നീക്കം തുടർന്നാൽ എന്ത് വിലകൊടുത്തും അത് തടയുമെന്ന് സമരസമിതി ചെയർമാൻ ജി ശിവരാജൻ പറഞ്ഞു. കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഈ മാസം പത്തൊൻപതിന് കോടതി വീണ്ടും ഹിയറിങ്ങിനായി വിളിച്ചിരിക്കുമ്പോഴാണ് പ്രദേശത്ത് സംശയാസ്പദമായി പൈപ്പുകൾ ഇറക്കിയിരിക്കുന്നത്. പ്രതിഷേധങ്ങൾ അവഗണിച്ച് കിൻഫ്ര പദ്ധതിയുമായി ജലസേചനവകുപ്പ് മുന്നോട്ടു പോയാൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

DONT MISS
Top