“സര്‍ക്കാറിനെന്താ പേടിയാണോ?, പ്രധാനമന്ത്രി പ്രതികരിക്കണം”, ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ഒരു സാമൂഹിക സേവനമാണെന്നും രാഖി സാവന്ത്


രാത്രി പത്തുമണി കഴിഞ്ഞുമാത്രമേ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം പാടുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബോളിവുഡ് നടി രാഖി സാവന്ത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ഒരു സാമൂഹിക സേവനമാണ്. സര്‍ക്കാറിനെന്താ പേടിയാണോ എന്നും ചോദിക്കുകയാണ് രാഖി.

താന്‍ അഭിനയിച്ച ഒരു ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ശ്രദ്ധ നേടവെയാണ് രാഖി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി എതിര്‍ത്തത്. സണ്ണി ലിയോണിനും ബിപാഷ ബസുവിനും ഉറയുടെ പരസ്യത്തില്‍ അഭിനയിക്കാം. ആരും സെന്‍സര്‍ ചെയ്യില്ല. എന്നാല്‍ തന്റെ പരസ്യം പുറത്തുവന്നതോടെ സര്‍ക്കാര്‍ സമയം പരിമിതപ്പെടുത്തിയെന്നും അവര്‍ പരിതപിച്ചു.

ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ഒരു സാമൂഹിക സേവനമാണ്. ഇതുണ്ടായാല്‍ മാത്രമേ എയ്ഡ്‌സിന്റെ മുന്‍കരുതല്‍ എടുത്ത് ആളുകള്‍ ബോധവാന്മാരാകുകയുള്ളൂ. പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് താന്‍ ചെയ്യുന്നത് ഒരു സാമൂഹിക സേവനമാണ്. സര്‍ക്കാറിന് ഭയമാണോ? പരസ്യം കാണാതെ നിരോധനത്തിന്റെ ആവശ്യമെന്താണ്? പരസ്യം വേണ്ടെന്നുവച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എയ്ഡ്‌സ് പിടിപെടും. അങ്ങനെ സംഭവിക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം എന്നാണ് തോന്നുന്നതെന്നും രാഖി പറഞ്ഞു.

കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് കാണിച്ചാല്‍ കുട്ടികള്‍ ഇതേപ്പറ്റി എങ്ങനെയറിയുമെന്നും രാഖി ചോദിച്ചു. പ്രധാന മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് രാഖി ചിത്രങ്ങള്‍ പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു.

DONT MISS
Top