ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശമ്പള വര്‍ധന 100 ശതമാനം; കോളടിച്ചത് നായകന്‍ കോഹ്‌ലിയ്ക്ക്

വിരാട് കൊഹ്‌ലി, രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നൂറുശതമാനം ശമ്പള വര്‍ധന വരുന്നു. ഇതോടെ അവര്‍ക്ക് കിട്ടുന്ന തുക ആരിലും ഞെട്ടലുണ്ടാക്കും. അടുത്ത സീസണ്‍ മുതല്‍ പുതുക്കിയ ശമ്പളം നിലവില്‍ വരും. പരിശീലകന്‍ രവി ശാസ്ത്രിയും നായകന്‍ കോഹ്‌ലിയും ഇതുസംബന്ധിച്ച് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. 5.5 കോടിയാണ് ഇപ്പോള്‍ കോഹ്‌ലിക്ക് കിട്ടുന്ന വാര്‍ഷിക ശമ്പളം. ഇനിയിത് പതിനൊന്ന് കോടിയായി മാറും. അതായത് കളിയുണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിമാസം ഒരുകോടിക്കടുത്തുവരുന്ന തുക.

ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടികള്‍ വെറും കപ്പലണ്ടിക്കാശ് മാത്രമാണെന്നായിരുന്നു ശാസ്ത്രിയുടെ ആക്ഷേപം. ബിസിസിഐയുടെ വരുമാനവുമായിത്തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം തുച്ഛമാണെന്ന ആക്ഷേപമായിരുന്നു സീനിയര്‍ താരങ്ങള്‍ക്കുണ്ടായിരുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളാണ് നിലവില്‍ വലിയ ശമ്പളം പറ്റുന്നവര്‍. എന്നാല്‍ വരുമാനം ഇന്ത്യയുടെ പകുതിപോലും വരികയുമില്ല. ഇതായിരുന്നു ശാസ്ത്രിയും കോഹ്‌ലിയും എടുത്തുകാട്ടിയ പ്രധാന യുക്തി. എന്നാലിപ്പോള്‍ അവര്‍ ആവശ്യപ്പെട്ടതിനേക്കാള്‍ വലിയ തുക നല്‍കാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.

ശമ്പള വര്‍ധനവിനായി ബിസിസിഐക്ക് 200 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും. ഇപ്പോള്‍ ചിലവഴിക്കുന്ന 180 കോടിയ്ക്ക് പുറമേയാണിത്. സുപ്രിം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായുള്ള ഭരണസമിതിയാണ് ശമ്പളം പുതുക്കാനുള്ള തീരുമാനമെടുത്തത്. ബിസിസിഐയുടെ വരുമാനത്തിന്റെ 26 ശതമാനമാണ് താരങ്ങള്‍ക്ക് ശമ്പളമായി നല്‍കുന്നത്. രാജ്യാന്തരതാരങ്ങള്‍ക്ക് വരുമാനത്തിന്റെ 13 ശതമാനവും ആഭ്യന്തരതാരങ്ങള്‍ക്ക് 10.6 ശതമാനവും ബാക്കി വനിതാ താരങ്ങള്‍ക്കും ജൂനിയര്‍ താരങ്ങള്‍ക്കുമായാണ് നല്‍കുന്നത്. 12 മുതല്‍ 15 ലക്ഷം വരെ ശമ്പളമായി വാങ്ങിയിരുന്ന രഞ്ജി താരങ്ങള്‍ക്ക് ഇനി 30 ലക്ഷം വരെ ലഭിക്കും. ആഭ്യന്തരതാരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് പ്രധാനമായി ആവശ്യപ്പെട്ടത് ഇന്ത്യയുടെ മുന്‍നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു.

DONT MISS
Top