മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള ഭവന നിര്‍മാണം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകളുടേയും ഭവന സമുച്ചയങ്ങളുടേയും നിര്‍മാണം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നേരിട്ട് കണ്ട് വിലയിരുത്തി. സംസ്ഥാന ഫിഷറീസ് വകുപ്പാണ് തീരദേശ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായ് കേരള ചരിത്രത്തില്‍ ആദ്യമായ് ഭവന സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ഭൂരഹിതരും, ഭവനരഹിതരുമായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വന്തം ഭവനമെന്ന സ്വപ്നം ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നര ഏക്കര്‍ സ്ഥലത്ത് 192 പാര്‍പ്പിടങ്ങള്‍ അടങ്ങുന്ന ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

8 ഫ്‌ളാറ്റുകള്‍ അടങ്ങുന്ന 24 ഇരുനില ബ്ലോക്കുകളായാണ് ഫ്‌ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് വര്‍ഷങ്ങളായി ദുരിതാശ്വസ ക്യാമ്പുകളില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.

2017 ജനുവരിയില്‍ ആരംഭിച്ച പദ്ധതി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച് 2018 ജനുവരിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഭവന സമുച്ചയങ്ങള്‍ സംസ്ഥാന തീരദേശ ജില്ലകളില്‍ അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചു നല്‍കി മല്‍സ്യത്തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്‌നം സമ്പൂര്‍ണ്ണമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറിച്ചു.

DONT MISS
Top