ഓഖി ദുരന്തം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ലെന്ന് വ്യാപക ആക്ഷേപം

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി നാളിതുവരെയായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക്  എത്തിയിട്ടില്ലെന്ന് ദുരന്തത്തിന് ഇരയാവര്‍ . ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയതല്ലാതെ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തീരദേശത്തെങ്ങും വറുതിയുടെ കാലമാണ്.

കടലില്‍ കാണാതായ ഉറ്റവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന മിക്ക കുടുംബങ്ങളുടെയും കണ്ണുനീരുകള്‍ ഇനിയും മാറിയിട്ടില്ല. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങളിലും അവസ്ഥ ഇതുതന്നെയാണ്. ഇവരുടെ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം ഇപ്പോഴും കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്.

കടലില്‍ മരണത്തോട് മല്ലിട്ട് ദിവസങ്ങള്‍ക്കു ശേഷം തീരത്തെത്തിയ മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട സഹായം ഇതുവരെ എത്തിയിട്ടില്ല.

ചുഴലിക്കാറ്റിന് ശേഷം ആരും കടലില്‍ പോകാത്തതിനാല്‍ തന്നെ തീരദേശത്തെങ്ങും വറുതിയാണ്. പല വീടുകളിലും പട്ടിണിയും ദാരിദ്ര്യവും. പണം കടം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തീരദേശ കുടുബങ്ങള്‍. ചുവപ്പുനാടയില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഒതുങ്ങിയാല്‍ ഇനിയും തുടരുന്ന ദുരിതക്കാഴ്ചകളായി ഈ ജീവിതങ്ങള്‍ മാറും.

DONT MISS
Top