കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം മഹോത്സവമാക്കാനൊരുങ്ങി കോട്ടയം; നാളെയും മറ്റന്നാളുമായി വിളംബര ജാഥകളും വാഹന റാലികളും നടക്കും

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം ഒരു മഹോത്സവമാക്കാന്‍ നാടും നഗരവും അണിഞ്ഞൊരുങ്ങി. 14 മുതല്‍ 16 വരെ നഗരത്തില്‍ നടക്കുന്ന സമ്മേളനം വന്‍ വിജയമാക്കാന്‍ മുക്കും മൂലയും വരെ ഒരുങ്ങിക്കഴിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി വിളംബര ജാഥകളും, ഇരുചക്ര വാഹന റാലികളും നാളെയും (13/12/2017) മറ്റന്നാളുമായി നഗരത്തില്‍ നടക്കും.

നാളെ വൈകിട്ട് അഞ്ചിനു കേരള കോണ്‍ഗ്രസിന്റെ തൊഴിലാളി വിഭാഗമായ കെടിയുസി എമ്മിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ് വിളംബരജാഥയുമായി ആദ്യം രംഗത്തിറങ്ങുന്നത്. കോടിമതയില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ കെകെ റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി, ബേക്കര്‍ ജംഗ്ഷന്‍ നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ റോഡിലെത്തും. ഇവിടെ നിന്നു കളക്ടറേറ്റിനു സമീപത്തു കൂടി കെ.കെ റോഡിലെത്തുന്ന വിളംബര ജാഥ മനോരമ ജംഗ്ഷനിലൂടെ കെഎസ്ആര്‍ടിസി വഴി കോടിമതയില്‍ എത്തി സമാപിക്കും.

കെടിയുസി എം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിയില്‍, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ജാഥകള്‍ നടക്കുന്നത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റിയുടെ ഇരുചക്രവാഹന വിളംബരറാലി 14 നാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലത്തില്‍ നിന്നും എത്തും. തുടര്‍ന്നു പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി വിളംബരജാഥ ഫഌഗ് ഓഫ് ചെയ്യും.

തുടര്‍ന്നു കളക്ടറേറ്റ്, മനോരമ, കെഎസ്ആര്‍ടിസി, ഐഡ ജംഗ്ഷന്‍, തിരുനക്കര ബേക്കര്‍ ജംഗ്ഷന്‍ വഴി സമ്മേള നവേദിയായ നെഹ്‌റു സ്റ്റേഡിയത്തില്‍ വിളംബരജാഥ എത്തിച്ചേരും. ആഘോഷപരിപാടികളുടെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും യൂത്ത്ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വിളംബര റാലികളും കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിനു മുന്നോടിയായി നഗരം പൂര്‍ണമായും അലങ്കൃതമായിക്കഴിഞ്ഞു. സമ്മേളനം നടക്കുന്ന നെഹ്‌റു സ്റ്റേഡിയത്തില്‍ ആധുനിക സംവിധാനങ്ങളാണ് നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്.

സ്റ്റേഡിയത്തിലെത്തുന്ന പ്രവര്‍ത്തകര്‍ക്കു പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇ-ബയോ ടോയ്‌ലറ്റുകലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്ന സമ്മേളന ദൃശ്യങ്ങള്‍ കൃത്യമായി പ്രവര്‍ത്തകരിലേയ്ക്ക് എത്തിക്കാന്‍ സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും എല്‍സിഡി, എല്‍ഇഡി മോണിറ്ററുകള്‍ സജീകരിച്ചിട്ടുണ്ട്. ചാനലുകളിലൂടെ സമ്മേളനം തത്സമയം ജനങ്ങളിലേയ്ക്കു എത്തുന്നത് കൂടാതെ, സമ്മേളനത്തിന് എത്താനാവാതെ വരുന്നവര്‍ക്കു കൂടി സമ്മേളന സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സമ്മേളനം ലൈവായ് സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേരള കോണ്‍ഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളായ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ നഗരത്തിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജോയി എബ്രഹാം എം.പി, എം.എല്‍എമാരായ റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ നേതാക്കളായ സണ്ണി തെക്കേടം, വിജി എം.തോമസ്, ജെന്നിക്‌സ് ജേക്കബ്, ജോബ് മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍.

പ്രകടനം നടക്കുന്ന പതിനഞ്ചിനു ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ സംഘടാക സമിതി തീരുമാനിച്ചിട്ടുണ്ട്. നഗരത്തില്‍ ചെറു പ്രകടനങ്ങളായി നാഗമ്പടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. എസ്.എച്ച് മൗണ്ട്, കഞ്ഞിക്കുഴി, കോടിമത എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി നാഗമ്പടത്തേയ്ക്ക് എത്തും. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉച്ചയോടെ തന്നെ നഗരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നു തന്നെ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top