ബിജെപിയെ പരാജയപെടുത്താന്‍ മതേതരപാര്‍ട്ടികളുമായി സഖ്യം ആകാമെന്ന് സീതാറാം യെച്ചൂരി; പിന്തുണ നല്‍കാതെ പി ബി

ദില്ലി: മുഖ്യശത്രു ആയ ബിജെപിയെ പരാജയപെടുത്താന്‍ മതേതരപാര്‍ട്ടികളുമായി സഖ്യം ആകാം എന്ന സീതാറാം യെച്ചൂരിയുടെ രേഖക്ക് സിപിഎം പോളിറ്റ് ബ്യുറോയില്‍ തിരിച്ചടി. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയബന്ധമോ, ധാരണയോ വേണ്ടെന്ന് വ്യക്തമാക്കി പ്രകാശ് കാരാട്ട് അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് സിപിഎം പോളിറ്റ് ബ്യുറോയില്‍ മുന്‍തൂക്കം ലഭിച്ചു.

കാരാട്ട് അവതരിപ്പിച്ച ബദല്‍ രേഖ പിബിയുടെ ഔദ്യോഗിക രേഖ ആയി അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. അതേസമയം രാഷ്ട്രീയ പ്രമേയം തയ്യാറാക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്സുമായി സഖ്യമോ, സഹകരണമോ, ധാരണയോ വേണം എന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കം തുടരുക ആണ്. രണ്ടു ദിവസം പോളിറ്റ് ബ്യുറോ വിഷയം ചര്‍ച്ച ചെയ്തിട്ടും ഏക അഭിപ്രായം ഉണ്ടായില്ല. കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാര്‍ ആക്കാന്‍ സീതാറാം യെച്ചൂരിയെ ചുമതലപ്പെടുത്തിയിരുന്നു.

സീതാറാം യെച്ചൂരി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണവും നയങ്ങളും അവസാനിപ്പിക്കുകയെന്ന പ്രാഥമിക ദൗത്യം ഉറപ്പാക്കാന്‍ ഉചിതമായ തിരഞ്ഞെടുപ്പ് അടവു നയം രൂപീകരിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു ബൂര്‍ഷ്വാ – ഭൂവുടമ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പു മുന്നണിയിലോ സഖ്യത്തിലോ ഏര്‍പ്പെടാതെ വേണം ഉറപ്പാക്കേണ്ടത് എന്നും വിശദീകരിച്ചിരുന്നു.

വര്‍ഗീയ വിരുദ്ധ പ്രചാരണത്തിനായി മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നും യെച്ചൂരി തയ്യാറാക്കിയ രേഖയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രേഖയ്ക്ക് പോളിറ്റ് ബ്യുറോയില്‍ ഭൂരിപക്ഷ പിന്‍തുണ ലഭിച്ചില്ല. പകരം കോണ്‍ഗ്രെസ്സുമായി പരോക്ഷ ധാരണ പോലും പാടില്ല എന്ന് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ആണ് പിബി യില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്.

അതിനാല്‍ തന്നെ ബദല്‍ രേഖ പിബി യുടെ ഔദ്യോഗിക രേഖ ആയി ഇനി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തയ്യാറാക്കിയ രേഖയും കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും എന്നാണ് സൂചന. ജനുവരി 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top