”ഇത് സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണത”; രൂപേഷ് പീതാംബരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹസീബ് ഹനീഫ്

രൂപേഷ് പീതാംബരന്‍

കൊച്ചി: നിവിന്‍ പോളി നായകനായ തമിഴ് ചിത്രം ‘റിച്ചി’യെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയ നടന്‍ രൂപേഷ് പീതാംബരനെതിരെ സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനമുയരുന്നു. റിച്ചി സിനിമ റിലീസായി ഒരു മണിക്കൂറിനുള്ളില്‍ സിനിമയെക്കുറിച്ച് മോശമായ അഭിപ്രായം പങ്കുവെച്ച രൂപേഷിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഹസീബ് ഹനീഫാണ് രംഗത്തെത്തിയത്.

മെക്‌സിക്കന്‍ അപാരത ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ മാത്രം അഭിനയിച്ച രൂപേഷ് സിനിമ മേഖലയെ തകര്‍ക്കുന്ന പ്രവണതയാണ് കൈ കൊണ്ടിരിക്കുന്നത്, ഇത്തരക്കാരെ മലയാള സിനിമയില്‍ നിന്നും എന്നന്നേക്കുമായി തുടച്ച് നീക്കുവാന്‍ എല്ലാ നിര്‍മ്മാതാക്കളും ഒറ്റക്കെട്ടാവണമെന്ന് ഹസീബ് ഹനീഫ് ആവശ്യപ്പെട്ടു. അതേസമയം തന്റെ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് രൂപേഷ് ഇന്നലെ രംഗത്തെത്തിയിരുന്നു.

‘ഒരു സംവിധായകനും നടനും എന്നതിലുപരി ഞാന്‍ ഒരു സിനിമാപ്രേമിയാണ്. അതുകൊണ്ടാണ് സിനിമകളെ കുറിച്ച് പ്രതികരിക്കുന്നത്. പക്ഷെ സിനിമ മേഖലയില്‍ നില്‍ക്കുമ്പോള്‍ താന്‍ ഒരു പ്രൊഫഷണല്‍ കൂടി ആകണം. ആ ഉത്തരവാദിത്വം മനസ്സിലാക്കാതെയാണ് ‘ഉളിഡവരു കണ്ടതേ’ എന്ന കന്നട ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. പെട്ടെന്നുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചുവെന്ന് തിരിച്ചറിയുന്നു. വേദനിപ്പിക്കണം എന്നോര്‍ത്ത് ചെയ്തതല്ല. താന്‍ കാരണം വിഷമം അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,’ രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റിച്ചി റിലീസായതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി രൂപേഷ് രംഗത്തെത്തിയത്. പരോക്ഷത്തില്‍ കന്നട ചിത്രത്തെ പുകഴ്ത്തുമെന്ന് തോന്നിക്കുമെങ്കിലും റിച്ചിക്ക് നേരെയുള്ള ഒളിയമ്പായിരുന്നു രൂപേഷിന്റെ പ്രതികരണം എന്ന് വ്യക്തമായിരുന്നു. ‘ഉളിഡവരു കണ്ടതേ’ പോലൊരു മാസ്റ്റര്‍ പീസിനെ വെറും പീസാക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു സംവിധായകന്‍ രക്ഷിത് ഷെട്ടിയെ പുകഴ്ത്തുന്നതിനോടൊപ്പം രൂപേഷ് പറഞ്ഞുവെച്ചത്.

പോസ്റ്റിന് തൊട്ടുപുറകെ നിവിന്‍ ആരാധകരും സിനിമാ പ്രേക്ഷകരും തെറിവിളികളുമായി രംഗത്തെത്തി. വളരെ കുറച്ച് സിനിമകളുടെ മാത്രം പരിചയമുള്ള രൂപേഷ് ഒരു ചിത്രം തിയേറ്ററിലെത്തിയ ദിവസം തന്നെ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ നിവിന്‍ പോളിയുടെ പേര് എടുത്തുപറഞ്ഞ് രൂപേഷ് വീണ്ടും രംഗത്തെത്തിയിരുന്നു. നിവിന്‍, തന്റെ ആരാധകരോട് പറയുക ഞാന്‍ റിച്ചിയെ കുറ്റം പറയുകയല്ല മറിച്ച് കന്നട ചിത്രത്തെ പുകഴ്ത്തുക മാത്രമാണ് ചെയ്തത് എന്നായിരുന്നു രൂപേഷിന്റെ കുറിപ്പ്. തന്റെ പോസ്റ്റിന് കീഴില്‍ വന്ന കമന്റുകള്‍ സഹിതമായിരുന്നു രൂപേഷിന്റെ പോസ്റ്റ്.

കന്നട ചിത്രത്തെ പുകഴ്ത്തുക എന്ന ഉദ്ദേശമായിരുന്നു രൂപേഷിനെങ്കില്‍ ഇതിലും മുന്‍പ് തന്നെ അതാകാമായിരുന്നല്ലോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. മാത്രവുമല്ല ആരാധകര്‍ നടത്തുന്ന പ്രതികരണങ്ങള്‍ക്ക് നിവിനെ വലിച്ചിഴച്ചതും വിമര്‍ശനത്തിന് വഴിവെച്ചു. പോസ്റ്റിന് ഇന്നലെ ക്ഷമ ചോദിച്ചെങ്കിലും ഇന്ന് രാവിലെ രൂപേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍.

DONT MISS
Top