ജറുസലേം പുകയുന്നു; ട്രംപിനെതിരായ പ്രതിഷേധ പ്രകടനത്തിനുനേരെ വെടിവെയ്പ്, രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

പ്രതിഷേധ പ്രകടനത്തിനിടെ

ഗാസ: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ പ്രതിഷേധം പുകയുന്നു. ട്രംപിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ പലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.

ഗാസ അതിര്‍ത്തിയിലും വെസ്റ്റ് ബാങ്കിലും മറ്റ് പലസ്തീന്‍ നഗരങ്ങളിലുമായി അമേരിക്കയുടെ തീരുമാനത്തിനെതിരെ വന്‍ ജനരോഷമാണ് പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ ആറുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 25 പലസ്തീനികള്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ ടയര്‍ കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. നൂറുകണക്കിന് പലസ്തീന്‍ യുവാക്കള്‍ ഇന്നും തെരുവിലിറങ്ങി.

വെടിവെയ്പില് പരുക്കേറ്റവര്

വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തിന് മൂര്‍ച്ച കൂട്ടിക്കൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 3,000 ത്തോളം പ്രതിഷേധക്കാര്‍ അണിനിരന്ന മാര്‍ച്ചില്‍ ഇസ്രയേലിന്റെ പതാക അഗ്നിക്കിരയാക്കുകയും ട്രംപിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, പലസ്തീന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ വിവിധ ലോകരാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

വ്യോമാക്രമണത്തില്‍ പരുക്കേറ്റവര്‍

DONT MISS
Top