ലൗ ജിഹാദ് ആരോപണം: രാജസ്ഥാനില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ട പരിഹാരവും ജോലിയും നല്‍കുമെന്ന് മമത ബാനര്‍ജി

ശംഭുലാല്‍

ജയ്പൂര്‍: ലൗ ജിഹാദ് എന്നാരോപിച്ച് രാജസ്ഥാനില്‍ ക്രൂരമായി കൊല്ലപ്പെട്ട മുസ്ലിം യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട മുഹമ്മദ് അഫ്രുസലിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമതാ ബാനര്‍ജി ബന്ധുക്കളെ അറിയിച്ചു.

പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രുസുലാണ് ലൗജിഹാദ് ആരോപിക്കപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. ജോലിയന്വേഷിച്ച് രാജസ്ഥാനില്‍ എത്തിയതാണ് ഇയാള്‍. കൊലപാതകം നടത്തിയ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെട്ടിവീഴ്ത്തുന്നതിന്റെയും ശേഷം ശരീരം കത്തിക്കുന്നതിന്റെയും വീഡിയോ എടുത്ത് ശംഭുലാല്‍ അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മുഹമ്മദിന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്നാണ് ശംഭുലാല്‍ പറഞ്ഞത്. എന്നാല്‍ ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ്അഫ്രുസുലിന് അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജോലി ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞാണ് മുഹമ്മദ് അഫ്രുസുലിനെ ശംഭുലാല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഇയാളെ വെട്ടിവീഴുത്തുകയും ശേഷം തീക്കൊളുത്തുകയുമായിരുന്നു.

ആക്രമണം തടയാനും ജീവന്‍ രക്ഷിക്കാനും അഫ്രുസുല്‍ ശ്രമിക്കുന്നതും ഒടുവില്‍ നിസഹായനായി കൊല്ലപ്പെടുന്നതിന്റെയും ഭീതിതവും ദാരുണവുമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ശംഭുലാല്‍ പോസ്റ്റ് ചെയ്ത കൊലപാകത ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കാതിരിക്കാന്‍ രാജസ്ഥാനില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് രാജസ്ഥാനില്‍ ഒരുക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top