കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പദ്ധതി

മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും അപകട സാദ്ധ്യതകള്‍ ഒരു പോലെ അറിയിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഐഎസ്ആര്‍ഒയുമായി  നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. അപകട സമയങ്ങളില്‍ കടലില്‍ പോകാതിരിക്കാനും അപകട സാദ്ധ്യതകളുടെ അറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോയാല്‍ തന്നെ തിരിച്ചു വരുന്നതിനും ഈ സംവിധാനം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരിക്കും.

ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഐഎസ്ആര്‍ഒ ഉപഗ്രഹത്തില്‍ നിന്നും ഇന്‍കോയിസ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വഴിയുള്ള വിവരങ്ങള്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു വിവരങ്ങള്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുള്ള ആറ് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് ലഭ്യമാക്കും. ഇവിടെ നിന്നും മല്‍സ്യത്തൊഴിലാളിയുടെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം മലയാളത്തില്‍ എത്തും.

കടലില്‍ 1500 കിലോമീറ്ററോളം ദൂരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം ലഭിക്കത്തക്ക രീതിയിലാണ് ഉപഗ്രഹ സഹായത്തോടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബോട്ടുകളിലും, വള്ളങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഐഎസ്ആര്‍ഒ വികസിപ്പിക്കും. ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങള്‍ ഐഎസ്ആര്‍ഒ 2018 ജനുവരി 10 നും ബാക്കിയുള്ള 250 എണ്ണം ജനുവരി 31നും ലഭ്യമാക്കും.

സൗജന്യമായാണ് ഐഎസ്ആര്‍ഒ ഈ സംവിധാനം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. ബാക്കിയുള്ള ബോട്ടുകളിലും വള്ളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും. മത്സ്യ ലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്താനും, മത്സ്യത്തിന്റെ ദിവസ വില അറിയുന്നതിനുമുള്ള സംവിധാനവും ഇതിനോടൊപ്പം സജ്ജീകരിക്കാനാണ് തീരുമാനം.

DONT MISS
Top