കഞ്ചാവ് വില്‍പന; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

ബാബു രാജ്, മുഫിയാസ്

കോഴിക്കോട്: കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി പെരുങ്കുഴിപാടം ബാബുരാജ് എന്ന തലവന്‍ ബാബു (50)വിനെ കസബ പൊലീസും നടുവട്ടം സ്വദേശി മുഫിയാസി(23) നെ ബേപ്പൂര്‍ പൊലീസുമാണ് പിടികൂടിയത്.

കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കനും ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബേപ്പൂര്‍ സ്വദേശി പ്രഭാകരനെ 12 പാക്കറ്റ് കഞ്ചാവുമായി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു.

മുമ്പ് കഞ്ചാവു കേസില്‍ ഉള്‍പ്പെട്ട ബാബുരാജ് കഴിഞ്ഞ കുറച്ചു കാലമായി പാളയം മാര്‍ക്കറ്റ്, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്പന നടത്തി വരുന്നതായി പൊലീസിന്  രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ സിജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് സ്റ്റേഡിയം പരിസരത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപത്ത് വെച്ച് വില്‍പനയ്ക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി ഇയാളെ  പിടികൂടിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വാഹനവുമായി കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയ മുഫിയാസിന്റെ പേരില്‍ വാഹനമോഷണത്തിനും കഞ്ചാവ് വില്പന നടത്തിയതിനും നല്ലളം പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.  ഈ കേസില്‍ ജയിലിലായിരുന്ന മുഫിയാസ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ പൊലീസും ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നടുവട്ടം പുഞ്ചപ്പാടംവയല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

DONT MISS
Top