വീഴ്ച പറ്റിയത് കേരളത്തിന് അല്ല; മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്

ചുഴലി മുന്നറിയിപ്പ് നല്‍കുന്ന ഫാക്‌സ് രേഖ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ ചുഴലിക്കാറ്റ് സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30 ന് ഉച്ചക്ക് മാത്രമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 30 ന് ഉച്ചക്ക് 12 നാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഫാക്‌സ് സന്ദേശം സംസ്ഥാന സര്‍ക്കാരിന് വരുന്നത്. ഫാക്‌സ് സന്ദേശത്തിന്റെ കോപ്പി ‘റിപ്പോര്‍ട്ടറി’ന് ലഭിച്ചു.

നേരത്തെ തന്നെ സംസ്ഥാനത്ത് ചുഴലി മുന്നറിയിപ്പ് നല്‍കിയെന്ന വാദം തെറ്റന്ന് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഫാക്‌സ് സന്ദേശങ്ങള്‍. 28 ന് തന്നെ ഓഖി സംബന്ധിച്ച് മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഇത് വേണ്ടത്ര ഗൗനിക്കാതിരുന്നതുമാണ് സംസ്ഥാനത്ത് ഓഖി ചുഴലിയുടെ വ്യാപ്തിയും ദുരന്തവും കൂട്ടിയതെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വാദം. എന്നാല്‍ 30 ന് മാത്രമാണ് ചുഴലി മുന്നറിയിപ്പ് കിട്ടിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന രേഖകള്‍.

മുന്നറിയിപ്പ്  നല്‍കിക്കൊണ്ടുള്ള ഫാക്‌സ്

നവംബര്‍ 29 ന് ഉച്ചക്ക് രണ്ടുമണിക്ക് ശേഷം കേന്ദ്രകാലാവസ്ഥ വകുപ്പും സമുദ്രഗവേണഷ കേന്ദ്രവും നല്‍കിയ ഫാക്‌സ് സന്ദേശത്തില്‍ സമുദ്രത്തില്‍ വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആരും കടലില്‍ പോകരുതെന്ന് മാത്രമാണ് സന്ദേശത്തില്‍ പറയുന്നത്. പിന്നീട് 30 ന് രാവിലെ നല്‍കിയ ഫാക്‌സ് സന്ദേശത്തിലും സമാനമായ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നല്ല മഴയുണ്ടാകുമെന്നാണ് ഈ സന്ദേശത്തില്‍ പറയുന്നത്. അന്ന് ഉച്ചക്ക് 12 നാണ് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

ചുഴലിപോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളപ്പോള്‍ ഏഴ് ദിവസം മുന്‍പെങ്കിലും അതാത് സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന ചട്ടമാണ് നിലവിലുള്ളത്.

30 ന് ഉച്ചക്കാണ് ഓഖി ചുഴലി സംബന്ധിച്ച് മുന്നറിയിപ്പ് സംസ്ഥാനത്ത് കിട്ടുന്നതെന്നും അഞ്ച് മിനിറ്റിനകം ജാഗ്രതാ നിര്‍ദേശം രക്ഷാപ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ എടുത്തുമെന്നുമാണ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അറിയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top