അമ്മയും മകളും ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; മകനായി തെരച്ചില്‍ തുടരുന്നു

കൊല്ലപ്പെട്ട അഞ്ജലിയും മകളും

ലഖ്‌നൗ: ഗ്രെയിറ്റര്‍ നോയിഡയില്‍ അമ്മയെയും മകളെയും ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ മകനായി തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പത്തിരണ്ടുകാരിയായ അഞ്ജലി അഗര്‍വാള്‍, ഇവരുടെ പതിനൊന്ന് വയസ്സുള്ള മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ജലിയുടെ ഭര്‍ത്താവ് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും ഫ്ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്. ബിസ്സിനസ്സുകാരനായ ഭര്‍ത്താവ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ മൂന്നാം തീയതി സൂറത്തിലേക്ക് പോയിരുന്നു. തിങ്കളാഴ്ച രാത്രി അഞ്ജലിയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ചൊവ്വാഴ്ച അയല്‍ക്കാരെ വിളിച്ച് കാര്യം പറയുകയും വിവരം തിരക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അയല്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ വീട് പൂട്ടിയതായി മനസ്സിലായി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. അഗര്‍വാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ബന്ധുവാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് അഞ്ജലിയെയും മകളെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തംപുരണ്ട നിലയില്‍ സമീപത്ത് നിന്ന് ക്രിക്കറ്റ് ബാറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പതിനാറ് വയസ്സുകാരന്‍ മകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

‘ഒളിവില്‍ പോയ മകനിലേക്കാണ് ഞങ്ങള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. കുട്ടിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തന്നെയാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടി പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. മറ്റാരും അന്നേദിവസം പുറത്ത് പോകുകയോ അകത്തേക്ക് പ്രവേശിക്കുകയോ ചെയ്തിട്ടില്ല.’ പൊലീസ് വ്യക്തമാക്കി. കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top