ഓഖി ഒഴിഞ്ഞു, തീരദേശത്തെ ദുരിതങ്ങള്‍ ഒഴിയുന്നില്ല; റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന്റെ യാത്ര

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടക്കുമ്പോഴും തീരദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥ ദയനീയമാണ്. രൂക്ഷമായ കടലാക്രമണവും ദാരിദ്ര്യവും കാരണം ദുരിതമനുഭവിക്കുകയാണ് തീരദേശ ജനത. തീരദേശ ഗ്രാമങ്ങളിലൂടെ റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം നടത്തിയ യാത്ര.

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കരച്ചിലുകള്‍ ആണ് തീരദേശത്തെങ്ങും അലയടിക്കുന്നത്. എന്നാല്‍ ഈ കണ്ണീരുകള്‍ക്കൊപ്പം ചേര്‍ത്ത് വായിക്കേണ്ട ജീവിത സാഹചര്യങ്ങളാണ് തീരദേശ ജനതയുടേത്. പ്രക്ഷുബ്ധമായ കടല്‍ പലപ്പോഴും കുടിലുകളില്‍ അശാന്തി വിതയ്ക്കുന്ന കാഴ്ച. എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകള്‍ തങ്ങളുടെ ജീവന്‍ കവരുമെന്ന ഭീതിയിലാണ് തദ്ദേശവാസികള്‍.

ഈ കുടിലുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസവും ഇവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വെറും വാക്കുകള്‍ മാത്രമാകുന്നു. ഓഖി ചുഴലിക്കാറ്റിന് ശേഷം തീരദേശത്ത് നിന്നും മത്സ്യബന്ധനത്തിനായി ആരും കടലിലേക്ക് പോയിട്ടില്ല. തീരദേശത്തെ പല വീടുകളിലും പട്ടിണിയും ദുരിതവും ബാക്കിയാണ്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കടലില്‍ കാണാതായവരുടെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

DONT MISS
Top