ജിഷ്ണു കേസ്: അന്വേഷണം സിബിഐ ഏറ്റെടുത്തു

ജിഷ്ണു പ്രണോയ് (ഫയല്‍ ചിത്രം)

ദില്ലി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്. കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രിം കോടതി ഉത്തരവായി. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കോടതി കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ജിഷ്ണു പ്രണോയ്‌യുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ജൂലൈ 15 നാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായില്ല. ജോലിഭാരമുള്ളതിനാല്‍ ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിബിഐ സുപ്രിം കോടതിയെയും പിന്നീട് സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ സിബിഐ അല്ല, കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ മാതാവും സുപ്രിം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിലപാട് ആരാഞ്ഞിരുന്നു. നിലപാടറിയിക്കാന്‍ കേന്ദ്രവും സിബിഐയും വൈകിയാല്‍ തങ്ങള്‍ക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ജിഷ്ണു പ്രണോയ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് കോടതിക്ക് കൈമാറി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. കേസിലെ പ്രതികള്‍ക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണം ഏറ്റെടുക്കുന്നതില്‍ സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകില്ലേ എന്നും ആരാഞ്ഞു. അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ വൈകരുതെന്നും കോടതി നിര്‍ദേശിച്ചു. സിബിഐയുടെ കൊച്ചി യൂണിറ്റിനാകും ജിഷ്ണു കേസിന്റെ അന്വേഷണച്ചുമതല എന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top