ഗുജറാത്ത് ആദ്യഘട്ട വോട്ടെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍; വാട്‌സ്ആപ്പ് പ്രചാരണം കൊഴുപ്പിച്ച് പട്ടേല്‍ സമുദായം

ഫയല്‍ ചിത്രം

അഹമ്മദാബാദ്: ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ജീവമന്മരണ പോരാട്ടം മുറുകുന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗിന് ഏതാനും ദിവസം മാത്രം ശേഷിക്കെ പുതിയ പ്രചാരണ തന്ത്രവുമായി പട്ടേല്‍ സമുദായാംഗങ്ങള്‍.  ഇവര്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന പ്രചാരണം ബിജെപിയ്ക്ക് തലവേദനയായിരിക്കുകയാണ്.

സംസ്ഥാനത്തെ മാദ്ധ്യമങ്ങളെയെല്ലാം ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നും അതിനാലാണ് തങ്ങള്‍ ഇത്തരത്തിലൊരു ആശയവുമായി രംഗത്തെത്തിയതെന്ന് പട്ടേല്‍ സമുദായ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി രംഗത്ത് വന്നിരുന്നു. പട്ടേല്‍ സമുദായ സംവരണക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്ത് തുടരുന്ന ബിജെപി ഭരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നാണ് പട്ടേല്‍ സമുദായം വ്യക്തമാക്കിയത്. സംവരണ വിഷയത്തിലുണ്ടായ തര്‍ക്കം മൂലമാണ്  കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ബിജെപിക്കൊപ്പം നിന്ന പട്ടേല്‍ സമുദായം ഇത്തവണ കോണ്‍ഗ്രസ് ചേരിയിലെത്തിയത്.  പട്ടേല്‍ സമുദായത്തിന്റെ സംവരണ ആവശ്യം അംഗീകരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംവരണ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി പറയുന്നത്.

സമുദായാംഗങ്ങളുടെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പട്ടേല്‍ സമുദായത്തിന്റെ പ്രചാരണം.ഒബിസി സംവരണം സംബന്ധിച്ച പ്രശ്നങ്ങളും ബിജെപിക്കെതിരായ വാര്‍ത്തകളും  ഗ്രൂപ്പുകള്‍ വഴി
ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.  പരമാവധി യുവാക്കളെ പങ്കെടുപ്പിച്ച്‌ കൊണ്ടാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ നടത്തുന്ന റാലികളും പ്രസംഗങ്ങളും പരസ്പരം ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിെരയും ബിജെപിയ്ക്കെതിരെയും കനത്ത പ്രതിഷേധമാണ് ഉയരുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു. ബിജെപിയുടെ തോല്‍വി ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത്തരം പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 9നും 14 നും രണ്ട് ഘട്ടമായിട്ടാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്നത്. ഡിസബര്‍ 18ന് ഹിമാചല്‍ പ്രദേശിലെ വോട്ടെണ്ണലിനൊപ്പമാണ് ഗുജറാത്തിലെയും ഫലപ്രഖ്യാപനം നടക്കുന്നത്.

DONT MISS
Top