വിഴിഞ്ഞത്തെത്തിയ മേഴ്‌സിക്കുട്ടിയമ്മയെയും, കടകംപളളിയെയും ജനങ്ങള്‍ കൂക്കിയോടിച്ചു; തീരമേഖലകളില്‍ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്ന ഓഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍  വിഴിഞ്ഞത്തെത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെയും, കടകംപിളളി സുരേന്ദ്രനെയും ജനങ്ങള്‍ കൂക്കിയോടിച്ചു.

മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും തീരദേശമേഖലയില്‍ വ്യാപകതോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ദുരന്തം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും അനുകൂലമായ നടപടി കൈകൊണ്ടിട്ടില്ലെന്നുമാണ് പ്രതിഷേധത്തിനുളള പ്രധാന കാരണം.

ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ തീരദേശത്തെത്തിയത്. എന്നാല്‍ വിഴിഞ്ഞത്തെത്തിയ ഇരുവരെയും പ്രദേശവാസികള്‍ തടഞ്ഞുവെക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടാവുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍നിന്ന് ആര്‍ജവമായ നടപടികളുണ്ടായില്ല എന്നതാണ് പ്രതിഷേധത്തിന് കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്.

ഓഖി ദുരന്തം നാലാം ദിവസത്തേക്ക് കടക്കുമ്പോഴും കാണാതായവരെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതും പ്രതിഷേധത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും തിരികെയെത്താനുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യതൊഴിലാളികള്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ സ്വയം ആരംഭിച്ചിരുന്നു. നേവിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.

കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ സര്‍ക്കാര്‍ അലംഭാവം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ശംഖുമുഖം ഭാഗത്ത്  മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായിട്ടും നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ കഴിയാത്തതിന്റെ ആശങ്കയും തീരദേശ മേഖലയില്‍ നിലനില്‍ക്കുകയാണ്.

DONT MISS
Top