ഒാഖി ചുഴലിക്കാറ്റ്; ദുരന്തനിവാരണ സമിതി അവലോകനം ചെയ്തു

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭവും ദുരിതാശ്വാസ നടപടികളും ഇടുക്കി ജില്ലാകളക്ടര്‍ ജിആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം അവലോകനം ചെയ്തു. വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ദുരിതാശ്വാസ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദമായ കണക്കുകള്‍ ശേഖരിച്ച് എത്രയും വേഗം സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നതിനും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വീട് നശിച്ചവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 49 വീടുകള്‍ ഭാഗികമായും നശിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ നാലും ദേവികുളം താലൂക്കില്‍ ഒരു വീടുമാണ് പൂര്‍ണ്ണമായും നശിച്ചത്.

ഉടുമ്പന്‍ചോലയില്‍ 42ഉം ദേവികുളത്ത് മൂന്നും ഇടുക്കി താലൂക്കില്‍ നാലും വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷികമേഖലക്ക് 1,80,18,900 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍ . ആകെ 638 കര്‍ഷകരുടെ 218.28 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് കാറ്റിലും മഴയിലും നഷ്ടമായത്.

വണ്ടന്‍മേട് വില്ലേജില്‍ 150ഉം കാഞ്ചിയാറില്‍ 200ഉം, പാമ്പാടുംപാറ 186, ഇര’യാറില്‍ 35, ഉപ്പുതറയില്‍ 38, കരുണാപുരത്ത് 15, ചക്കുപള്ളത്ത് എട്ടും അയ്യപ്പന്‍കോവില്‍ നാലും കുമളിയില്‍ രണ്ടും കര്‍ഷകര്‍ക്കാണ് പ്രകൃതിക്ഷോഭത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി ഇതുവരെ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.

DONT MISS
Top