ടികി-ടാക അവതരിക്കുന്നു, ലോകം കീഴടക്കുന്നു; സ്‌പെയിനും ബാഴ്‌സയും നേട്ടങ്ങളുടെ നെറുകയില്‍

കളിയില്‍ നിന്നു വിരമിച്ച ശേഷം 1988-ല്‍ ക്രൈഫ് ബാഴ്‌സലോണയുടെ പരിശീലകനായി. 1988 മുതല്‍ 96 വരെ എട്ടുവര്‍ഷക്കാലം അവരെ പരിശീലിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് ടികി-ടാക യുടെ ആദ്യ ചലനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് സുപരിചിതമായിരുന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ അടിസ്ഥാന തത്വങ്ങള്‍ അങ്ങനെതന്നെ സ്വീകരിക്കുകയും കൂടുതല്‍ ചടുതലതയും കൃത്യതയും അതിന് നല്‍കുകയുമായിരുന്നു അദ്ദേഹം. തുടര്‍ന്ന് ബാഴ്‌സലോണയില്‍ വന്ന ഡച്ചുപരിശീലകര്‍ തന്നെയായ വാന്‍ഗാലും ഫ്രാങ്ക്‌റൈക്കാഡും തങ്ങളുടേതായ രീതിയില്‍ അതിന് വീണ്ടും മൂര്‍ച്ച കൂട്ടി.

യോഹാന്‍ ക്രൈഫ്

2008-ല്‍ പെപ് ഗാഡിയോള ബാഴ്‌സലോണയുടെ പരിശീലകനാകുന്നതോടെയാണ് ടികി ടാക വ്യക്തിത്വമുള്ളൊരു കളിരീതിയായി രൂപാന്തരപ്പെടുന്നത്. യോഹാന്‍ ക്രൈഫ് ബാഴ്‌സലോണയുടെ പരിശീലകനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഡ്രീം ടീമിലെ പ്രമുഖകളിക്കാരനായിരുന്നു ഗാഡിയോള. ആ തലമുറയിലെ മികച്ച ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍. കറതീര്‍ന്ന സ്‌ക്കില്ലും വേഗവും വിഷനും ഗ്രൗണ്ട് റീഡിംഗുമായിരുന്നു ഒരു കളിക്കാരനെന്ന നിലയില്‍ ഗാഡിയോളയുടെ മൂലധനം. ഈ ഗുണങ്ങള്‍ അദ്ദേഹത്തെ ക്രൈഫിന് പ്രീയപ്പെട്ടവനാക്കി. പരിശീലകന്‍ മനസില്‍ കാണുന്നതിനെ കലര്‍പ്പില്ലാതെ കളത്തില്‍ വരക്കുന്നവനെന്നാണ് ക്രൈഫ് ഗാര്‍ഡിയോളയെ പുകഴ്ത്തുന്നത്.

പെപ് ഗാഡിയോള

മെസിയെപ്പോലെ ഗാര്‍ഡിയോളയും ബാഴ്‌സലോണയുടെ യൂത്ത് അക്കാഡമിയായ ‘ലാമാസിയ’ യുടെ സൃഷ്ടിയാണ്. 1988 മുതല്‍ 89 വരെ ബാഴ്‌സയുടെ ‘സി’ ടീമിലും 1990-92 വരെ ‘ബി’ ടീമിലും കളിച്ചു. അതിന് ശേഷം. 2001 വരെ സീനിയര്‍ ടീമിലും. ഇക്കാലത്തവര്‍ ആറു ലാലിഗ കിരീടങ്ങളും രണ്ടി കോപ്പാ ഡല്‍ റേയും രണ്ട് യൂറോ കപ്പുകളും ഒരിക്കല്‍ യുവേഫാ കപ്പ് വിന്നേഴ്‌സ് കപ്പും രണ്ടുതവണ യുവേഫാ സൂപ്പര്‍ കപ്പും നേടി. ആകെ 263 മല്‍സരങ്ങള്‍, ആറു ഗോളുകള്‍. 47 തവണ അദ്ദേഹം സ്‌പെയിനിന് വേണ്ടിയും കളിച്ചു. സ്‌പെയിന്‍ 1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ സ്വണ്ണം നേടുമ്പോള്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും ഗാര്‍ഡിയോളയായിരുന്നു. 1994-ലെ ലോകകപ്പില്‍ സ്‌പെയിനിനെ ക്വാര്‍ട്ടറില്‍ എത്തിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.

അതിനിടയില്‍ പരിശീലകന്‍ ക്ലമന്റിയുമായി തെറ്റിയ ഗാര്‍ഡിയോളയ്ക്ക് 1996-ലെ യൂറോകപ്പ് നഷ്ടമായി. 98-ല്‍ മാരകമായൊരു പരിക്കിന് വിധേയനായതിനാല്‍ 98-ലെ ലോകപ്പും നഷ്ടമായി. രണ്ടായിരത്തിലെ യൂറോ കപ്പിലാണ് അവസാനമായി അദ്ദേഹം സ്‌പെയിനിനു വേണ്ടി കളിക്കുന്നത്. 88-മുതല്‍ 2001 വരെ നീണ്ട തന്റെ കരിയറില്‍ ഉടനീളം ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായ ക്രൈഫിനോടും ആ കളിരീതിയെ പരിഷ്‌കരിച്ചു മുന്നേറിയ ബാഴ്‌സലോണയോടുമാണ് സഹകരിച്ചത്. അതിനാല്‍ അതിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ വ്യക്തമായിരുന്നു. അതുകൊണ്ടാണ് വീണ്ടും അതിനെ തേച്ചുമിനുക്കി മികച്ചരായുധമാക്കാന്‍ ഗാര്‍ഡിയോള തയ്യാറായത്.

ഇതിനിടയില്‍ ബാഴ്‌സയുടെ യൂത്തക്കാഡമിയായ ലാമാസിയയിലും ചില നല്ല നീക്കങ്ങള്‍ ഉണ്ടായി. 1979-ല്‍ സ്ഥാപിതമായ അക്കാഡമി ക്ര3ഫിന്റെ വരവോടെ കാര്യമായി പരിഷ്‌കരിക്കപ്പെട്ടു. അജാക്‌സ് യൂത്തക്കാഡമിയുടെ ഉല്‍പന്നമായിരുന്ന ക്രൈഫ് ആ മാതൃകയിലേക്ക് ലാമാസിയയെ മാറ്റിയെടുത്തു. താന്‍ പരിഷ്‌കരിച്ച ടോട്ടല്‍ ഫുട്‌ബോളിന്റെ പാഠങ്ങള്‍ക്ക് അദ്ദേഹമവിടെ പ്രാമുഖ്യം നല്‍കി.

രണ്ടായിരത്തോടെ കാര്‍ലോസ് പ്യുയോള്‍, സാവി, ഇനിയസ്റ്റ, ഫ്രാബ്രിഗസ്, സെര്‍ജിയോ ബെസ്‌ക്യുറ്റസ്, പെഡ്രോ, വിക്ടര്‍വാല്‍ഡ്‌സ്, ജെറാള്‍ഡ് പിക്യു എന്നിങ്ങനെ ഒരു പറ്റം മികച്ച കുട്ടികളുമെത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്കു വേണ്ട മികവെല്ലാം ഇവരില്‍ അധികമായിരുന്നെങ്കിലും. ശരാരികമായി ഇവര്‍ ശരാശരിക്കാരായിരുന്നു. പരിശീലനത്തില്‍ ടികി ടാകയ്ക്ക് ഊന്നല്‍ മല്‍കാന്‍ അതും കാരണമായി. അവരുടെ ശാരീരികമായ കുറവുകളെ കളിയുടെ സാങ്കേതികത്വം കൊണ്ടു നേരിടാന്‍ പരിശീലകര്‍ ഉറച്ചു. അതിന്റെ ഫലമായിരുന്നു 2008 മുതല്‍ പന്ത്രണ്ടുവരെ ബാഴ്‌സേയും സ്‌പെയിനിനേയും തുണച്ചത്.

2010-ലെ ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ ലാമാസിയില്‍ നിന്ന് കാര്‍ലോസ് പ്യുയോള്‍, ജെറാള്‍ഡ് പിക്യു, ഇനിയസ്റ്റ, സാവി, സെര്‍ജിയെ ബെസ്‌ക്യുറ്റസ്, പെഡ്രോ, വിക്ടര്‍വാല്‍ഡസ് ഫാബ്രിഗസ്. പെപ്‌റെയ്‌നേ എന്നിവര്‍ ഉള്‍പ്പെട്ടു. ഇതില്‍ ആറുപേര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലും വന്നു. 2010-ലെ ബാലന്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടികയില്‍ ലാമാസിയയിലെ മെസിയും സാവിയും ഇനിയസ്റ്റയും ഇടം പിടിച്ചു. എല്ലാ അര്‍ഥത്തിലും ലാമാസിയ പൂത്തുതളിര്‍ത്ത കാലം കൂടിയായിരുന്നു അത്.

ഗാര്‍ഡിയോളയുടെ കീഴില്‍ ബാഴ്‌സയുടെ യൂത്തു ടീമുകളില്‍ കളിച്ച് പരിചയിച്ച ഇവര്‍, അദ്ദേഹം 2008-ല്‍ സീനിയര്‍ ടീം പരിശീലകനായപ്പോള്‍ അവിടേയും അണിനിരന്നു. താന്‍ ടോട്ടല്‍ ഫുട്‌ബോളിന് നല്‍കിയ പുതിയ ചൈതന്യത്തെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള അസുലഭ സന്ദര്‍ഭമായിരുന്നു ഗാര്‍ഡിയോളയ്ക്ക് കൈവന്നത്. 2008-മുതല്‍ 2012 വരെ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന ഗാര്‍ഡിയോള അവര്‍ക്കുവേണ്ടതും അതിലധികവും ഈ കളിരീതികൊണ്ട് നേടിക്കൊടുക്കുകയും ചെയ്തു.

ഇനി, എന്താണ് ടികി-ടാക എന്ന് പരിശോധിക്കാം. സാങ്കേതികമായി വിവരിക്കാന്‍ എളുപ്പവും എന്നാല്‍ പ്രയോഗിക്കാന്‍ അത്രയേറേ എളുപ്പമല്ലാത്ത ഒരു കളിരീതിയാണ് ടികി-ടാക. ടിക്-ടിക്കനെയുള്ള പാസുകളാണ് ഈ രീതിയുടെ കാതല്‍. പന്ത് റിസീവ് ചെയ്ത ശേഷം ഒരു കളിക്കാരനും രണ്ടു സെക്കന്റിനുമേല്‍ പന്ത് കൈവശം വയ്ക്കാറില്ല. അതിന് മുമ്പ് റിലീസ് ചെയ്യുന്നതാണ് രീതി. പാസുകള്‍ ചെറുതും കൃത്യവുമായിരിക്കും. എന്നാല്‍ കളിക്കളത്തിന്റെ ഇരുപകുതിയിലും ടീമൊന്നാകെ പന്തെപ്പോഴും സ്വന്തം കാലില്‍ നിറുത്തുകയും വേണം. ഇതിനെ ബോള്‍ പൊസഷന്‍ (പന്ത് കൈവശം വയ്ക്കല്‍) എന്നു സാങ്കേതികമായി പറയാം.

വേഗത്തിലുള്ള പാസുകള്‍ പോലെ ബോള്‍ പൊസഷനും ടികി-ടാക യുടെ ജീവനാണ്. ഇപ്പോള്‍ കളിയുടെ സ്ഥിതിവിവരക്കണക്കുകളില്‍ ടീമുകളുടെ ബോള്‍പൊസഷന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. പരമ്പരാഗതമായ പൊസിഷനുകളില്‍ ഒരു കളിക്കാരനും സ്ഥിരം ബന്ധിയല്ല. കളത്തിലെവിടേയും ടീം ഒന്നാകെ ഒരു ലായനി പോലെ ഒഴുകിപ്പരക്കും.

മിഡ്ഫീല്‍ഡിലാണ് ടികി-ടാക പ്രധാനമായും ഊന്നുന്നത്. ഗോളിലേക്കുള്ള ഏതു നീക്കവും ആസൂത്രണം ചെയ്യപ്പെടുന്നത് ഇവിടെ നിന്നാകും. ചെറിയ പാസുകളിലൂടെ കളിനിയന്ത്രിക്കുകയും എതിര്‍ പകുതിയില്‍ ശൂന്യസ്ഥനങ്ങള്‍ സൃഷ്ടിച്ച് ചടുലമായി പ്രത്യാക്രമണം സംഘടിപ്പിക്കുകയും ചെയ്യും. നീക്കങ്ങള്‍ കൃത്യവും അപ്രതീക്ഷിതവുമായതിനാല്‍ എതിര്‍ ടീമിന് വേഗത്തില്‍ പ്രതിരോധം സംഘടിപ്പിക്കുവാനുള്ള സമയം ലഭിക്കണമെന്നില്ല. ഇവിടെയാണ് ടികി-ടാക യുടെ വിജയകോടിയും.

ടികി-ടാക യില്‍ പരമ്പരാഗതമായ ഒരു സ്‌ട്രൈക്കര്‍ ഉണ്ടാകണമെന്നില്ല. പകരം അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെന്നോ പ്ലേമേക്കര്‍ എന്നോ സെന്‍ട്രല്‍ ഫോര്‍വേഡെന്നോ വിശേഷിക്കാവുന്ന ഒരു കളിക്കാനുണ്ടാകും. ഇയാള്‍ക്ക് പരിപൂര്‍ണമായ ചലനസ്വാതന്ത്ര്യവുമുണ്ട്. എതിര്‍ ടീം പ്രതിരോധത്തിന്റെ ശ്രദ്ധപിടിക്കുകയും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് അവരെ അവശ്യാനുസരണം നീക്കം ചെയ്ത് ഗോളിലേക്കുള്ള പഴുത് സൃഷ്ടിക്കുകയുമാണ് ഈ കളിക്കാരന്റെ ദൗത്യം. പലപ്പോഴും എതിര്‍ പ്രതിരോധം ഈ കളിക്കാരനെ പിന്തുടരാന്‍ പ്രേരിപ്പിക്കപ്പെടും അങ്ങനെ ശൂന്യസ്ഥലങ്ങള്‍ ഗോള്‍ ഏര്യകളില്‍ സംജാതമാകും. ഒരര്‍ഥത്തില്‍ പ്രതിരോധത്തെ കബളിപ്പിക്കലെന്ന് പറയാം. ടോട്ടല്‍ ഫുട്‌ബോളിന്റെകാലത്ത് അജാക്‌സിലും ഹോളണ്ട് ദേശീയ ടീമിലും ക്രൈഫ് വഹിച്ചിരുന്ന റോളാണിത്. ടികി-ടാക്കയില്‍ മെസിയുടെ റോളും ഇതായിരുന്നു. ഗോളടിക്കുന്നതിലും ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും ഇരുവരും ഒരു പോലെ മിടുക്കുകാട്ടി എന്നത് ചരിത്രം.

ഇങ്ങനെയുള്ള കളിക്കാരെ പൊതുവേ ‘ഫാള്‍സ് നയന്‍ ‘ എന്നാണ് വിശേഷിപ്പിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ സെന്‍ട്രല്‍ ഫോര്‍വേഡിന് നല്‍കുന്ന നമ്പരാണ് ഒമ്പത്. എതിര്‍ പ്രതിരോധക്കാരുടെ തൊട്ടടുത്തായിരിക്കും ഇയാളുടെ സ്ഥാനം അവസരം കൈവരുമ്പോള്‍ ഗോളടിക്കുക എന്നത് ദൗത്യവും. മധ്യവരയ്ക്ക് സമീപത്തേക്ക് അധികം ഇറങ്ങിക്കളിക്കാറുമില്ല. എന്നാല്‍ ‘ഫാള്‍സ് നയനി ‘ന്റെ ചുമതല ഇതില്‍ അല്‍പം വ്യത്യസ്ഥമാണ്. നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഇയാള്‍ പരിപൂര്‍ണ സ്വതന്ത്രനായിരിക്കും. പലപ്പോഴും മുന്നേറുന്നതോടൊപ്പം അധികം പിന്നോട്ടിറങ്ങും. ഡ്രിബിളിംഗ് പാടവവും കുറിയ പാസുകള്‍ ചെയ്യാനുള്ള കഴിവും ഈ കളിക്കാരന് നിര്‍ബന്ധം. അയാള്‍ മിഡ്ഫീല്‍ഡേഴ്‌സുമായി എളുപ്പത്തില്‍ ലിങ്ക് ചെയ്യണം. ഒപ്പം ബുദ്ധിപൂര്‍വകമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം.

‘ഫാള്‍സ് നയന്‍’ പക്ഷേ ടികി-ടാക്കയുടെ കണ്ടുപിടിത്തമൊന്നുമല്ല. 1930-കളില്‍ തന്നെ ഫാള്‍സ് നയന്‍ ഉപയോഗിക്കപ്പെട്ടിരുന്നു. 1930-ലെ ലോകകപ്പില്‍ ഉരുഗ്വന്‍ ടീമിലെ ജുവാന്‍ ആന്‍സല്‍മോയും അതേകാലത്ത് ഓസ്ട്രിയന്‍ ടീമില്‍ കളിച്ച സിന്‍ഡിലറും 4-6-0 ഫോര്‍മേഷനില്‍ കളിച്ച ഇറ്റാലിയന്‍ ടീം റോമയുടെ ഫ്രന്‍സിസ്‌കോടോട്ടിയും ഇതേ ദൗത്യം തന്നെയാണ് നിര്‍വഹിച്ചിരുന്നത്. ആഴ്‌സണലില്‍ കളിച്ചിരുന്നപ്പോള്‍ വാന്‍പേഴ്‌സിയുടെ സ്ഥാനവും ഇതായിരുന്നു. എന്നാല്‍ ടികി-ടാക യില്‍ ഈ സ്ഥാനം കൂടുതല്‍ ശാസ്ത്രീയമായും ഭാവനാത്മകമായും ക്രീയാത്മകമായും ഉപയോഗിക്കപ്പെട്ടു എന്നതാണ് വ്യത്യാസം.

കുറിയ പാസുകളിലൂടെ എതിര്‍ ടീമിന്റെ ആക്രമണങ്ങളെ നേരിടുന്ന രീതിയും ടികി-ടാക യുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം. പഴയരീതിയില്‍ എന്ന പോലെ ഡിഫന്റര്‍മാര്‍ കനത്ത അടികളിലൂടെ ഗോള്‍ ഏരിയയെ സുരക്ഷിതമാക്കുന്ന രീതിയും ടികി-ടാക യില്‍ അത്യപൂര്‍വമാണ്. അതൊക്കെ സൂക്ഷ്മവും നിശബ്ദവുമായ പാസുകളിലൂടെ ടികി-ടാക കൈകാര്യം ചെയ്യും. ഗോള്‍കീപ്പര്‍ കൂടി ഈ പാസംഗ് പ്രക്രിയയില്‍ ഉള്‍പ്പെടുമെന്നതും ടികി-ടാകയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം. ചുരുക്കത്തില്‍ പാസിംഗാണ് എല്ലാം. കളിക്കാരുടെ പൊസിഷന്‍ മാറ്റമെന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രധാന സംഭാവനകൂടിയാകുമ്പോള്‍ ടികി-ടാക യുടെ സാങ്കേതികത്വം പൂര്‍ണമാകുന്നു. ആക്രമണവും പ്രതിരോധവും ടികി-ടാക യില്‍ തല്യപ്രാധാന്യം നേടുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒട്ടും എളുപ്പമല്ല ടികി-ടാക. ശാരീരികക്ഷമത, സാങ്കേതികത്തികവ്, വേഗം, വിഷന്‍ എന്നിവയില്‍ ഒരു പോലെ തികവ് പുലര്‍ത്തുന്ന കളിക്കാരെയാണ് ടികി-ടാക ആവശ്യപ്പെടുന്നത്. ഇതൊക്ക ഉള്ളകളിക്കാര്‍ക്കുതന്നെ എപ്പോഴും അത് ഒരുപോലെ നിലനിര്‍ത്താന്‍ കഴിയണമെന്നില്ല. ടീമിന്റെ മൊത്തത്തിലുള്ള ഒത്തിണക്കവും പര്‌സപരധാരണയും ഈ കളിരീതി ആവശ്യപ്പെടുന്നു. കളിക്കളത്തില്‍ കളിക്കാര്‍ ഒറ്റമനസും ശരീരവുമുള്ളവരായി മാറേണ്ടതുണ്ട്. ചങ്ങലപോലെ ചലിക്കുമ്പോള്‍ ഏതെങ്കിലും ഒരു കണ്ണി ദുര്‍ബലമായാല്‍ എല്ലാം തകര്‍ന്നുവീഴും. താന്‍പോരിമയുള്ള കളിക്കാര്‍ ടികി-ടാക യില്‍ പ്രായോഗികവുമല്ല. സൂപ്പര്‍ സ്റ്റാറുകളുടെ ഈഗോ ശക്തമായുള്ള റയല്‍ മാഡ്രിഡിനെപ്പോലൊരു ടീമിന് ടികി-ടാക സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമായിരിക്കും.

നാളെ, വിടപറയുന്ന ടികി-ടാക (അവസാന ഭാഗം)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top