സിനിമ പരാജയപ്പെട്ടതിന് കാരണം ചിമ്പു; തനിക്കുണ്ടായ സാമ്പത്തിക നഷ്ടം ചിമ്പു തന്നെ നികത്തണമെന്നും നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍

തമിഴ്താരം ചിമ്പുവിനെ നായകനാക്കി നിര്‍മ്മിച്ച എഎഎ അഥവാ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രം പൂര്‍ണ്ണ പരാജയമായതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചിമ്പുവിനാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍. സിനിമ പരാജയപ്പെട്ടത് മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പുതന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ ആവശ്യപ്പെട്ടു.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തിയ ചിത്രത്തില്‍ തമന്നയും ശ്രേയയുമായിരുന്നു നായികമാര്‍. ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് ചിമ്പുവെത്തുന്നത്. ചിമ്പുവിന്റെ പിടിവാശിയാണ് ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്നാണ് നിര്‍മ്മാതാവിന്റെ പരാതി.

സംവിധായകന്‍ ആദിക്കിനെ കഥ പറയാന്‍ തന്റെ അടുത്തേക്ക് അയച്ചത് ചിമ്പുവായിരുന്നു. എന്നാല്‍ നായികമാരെ തിരഞ്ഞപ്പോള്‍ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ പലരും തയ്യാറായില്ലെന്നും മൈക്കിള്‍ രായപ്പന്‍ പറഞ്ഞു. തൃഷയും ലക്ഷ്മി മേനോനും നിരസിച്ചു. പിന്നെ ഷൂട്ടിങ് തുടങ്ങിയ ശേഷം ചിമ്പു അനാവശ്യമായി ഇടപെട്ട് ലൊക്കേഷന്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും നിര്‍മ്മാതാവ് ആരോപിച്ചു.

മധുരയില്‍ ഷൂട്ടിംഗ് വെച്ചപ്പോള്‍ അവിടെ ഭയങ്കര ചൂടാണെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും ലൊക്കേഷന്‍ ഗോവയിലേക്കോ കൊച്ചിയിലേക്കോ മൈസൂരേക്കോ മാറ്റണമെന്നും ചിമ്പു ആവശ്യപ്പെട്ടു. പിന്നീട് ഡിണ്ടിഗലില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവിടേക്ക് വരില്ലെന്ന് പറഞ്ഞു. സ്റ്റാര്‍ ഹോട്ടല്‍ ഇല്ലെന്നതായിരുന്നു പരാതി. പൊതു സ്ഥലത്ത് ഷൂട്ടിംഗിന് വരില്ലെന്നും പറഞ്ഞു. ഞായറാഴ്ചകളില്‍ ഷൂട്ടിംഗിന് വരില്ലെന്നും തീര്‍ത്തു പറഞ്ഞു.

ഷൂട്ടിംഗ് തീയതികള്‍ തീരുമാനിച്ചിരുന്നത് ചിമ്പുവായിരുന്നിട്ടും ഒരിക്കല്‍ പോലും സമയത്തിനെത്തിയില്ല. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ശ്രേയയുമായുള്ള ഒരു പാട്ട് കൂടി മാത്രം ചിത്രീകരിക്കേണ്ട സമയത്ത് ശ്രേയ അത്ര പോരെന്നും മറ്റൊരു നടിയെ വെച്ച് മാറ്റി ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാം ഷെഡ്യൂള്‍ ദുബായില്‍ തീരുമാനിച്ചപ്പോള്‍ അവിടെ കാലാവസ്ഥ ശരിയല്ലെന്നും ലണ്ടനിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം.

ഒടുവില്‍ തായ്‌ലന്‍ഡില്‍ വെച്ച് ചിത്രീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുഴുവന്‍ ടീമും തായ്‌ലന്‍ഡില്‍ എത്തിയിട്ടും ചിമ്പു എത്തിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സിനിമ രണ്ട് ഭാഗങ്ങളായി അഭിനയിക്കുന്നതാണ് നല്ലതെന്നും രണ്ടാം ഭാഗത്തില്‍ താന്‍ പണം വാങ്ങാതെ അഭിനയിക്കാമെന്നുമായിരുന്നു വിശദീകരണം. എത്ര ശ്രമിച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒടുവില്‍ തായ്‌ലന്‍ഡിലെത്തിയ ടീമിനോട് തിരികെ വരാന്‍ പറയേണ്ടി വന്നു.

ചിത്രത്തിലെ മൂന്നാമത്തെ വേഷം അഭിനയിക്കാന്‍ ചിമ്പു തയ്യാറായില്ല. ഒടുവില്‍ സംവിധായകന്‍ നേരിട്ട് കരഞ്ഞ് അപേക്ഷിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ വെച്ച് ഷൂട്ട് ചെയ്യണമെന്ന് വാശി പിടിച്ചു. അവസാനം അതിന് സമ്മതിക്കേണ്ടി വന്നു. സ്വന്തം വീട്ടിലായിട്ടുപോലും സമയത്തിന് ഷൂട്ടിന് തയ്യാറായില്ല.

ഒടുവില്‍ ഡബ്ബിങിന് വരാതെ സ്വന്തം വീട്ടിലെ ബാത്‌റൂമില്‍ വെച്ച് ഡയലോഗ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു തരികയായിരുന്നു. എന്നാല്‍ ഓഡിയോ ക്വാളിറ്റി വളരെ മോശമായിരുന്നതിനാല്‍ ശബ്ദം മിക്‌സ് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് വോയ്‌സ് മോഡുലേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ശബ്ദം ശരിയാക്കിയത്.

ചിമ്പു കാരണം നടിമാര്‍ പറഞ്ഞതിലും പകുതി ദിവസം മാത്രമാണ് ഷൂട്ടിനെത്തിയത്. പ്രതിസന്ധികളൊക്കെ തരണം ചെയ്ത് സിനിമ ഇറക്കിയിട്ടും അത് വന്‍ പരാജയമായി. സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ചിമ്പു മാത്രമാണെന്നും നിര്‍മ്മാതാവ് ആരോപിച്ചു. അതിനാല്‍ തനിക്കുണ്ടായ നഷ്ടം ചിമ്പു തന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ ആവശ്യപ്പെട്ടു.

DONT MISS
Top