കോളേജിലെത്തിയത് മറ്റൊരു തടവറയിലെത്തിയതു പോലെ, ഇഷ്ടപ്പെടുന്നവരെ കാണാന്‍ അവസരമില്ല: ഹാദിയ

സുപ്രിംകോടതി വിധിക്കുശേഷം ഹാദിയ പൊലീസ് സംരക്ഷണയില്‍

സേലം: സുപ്രിംകോടതി നിര്‍ദേശപ്രകാരം താന്‍ ഇപ്പോള്‍ പ്രവേശിപ്പിക്കപ്പെട്ട കോളേജും മറ്റൊരു തടവറ പോലെയാണെന്നും ഇഷ്ടപ്പെടുന്നവരെ കാണാന്‍ അനുവദിക്കാത്തതില്‍ നിരാശയുണ്ടെന്നും ഹാദിയ. ഇന്നലെയാണ് സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ തുടര്‍പഠനത്തിനായി എത്തിച്ചത്.

ഇന്ന് കോളേജില്‍ ഹാദിയയുടെ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇതിന് മുന്‍പായി നടത്തിയ പ്രതികരണത്തിലാണ് താന്‍ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനെ കാണുന്നതിനോട് പ്രതികരിച്ച് ഹാദിയ വീണ്ടും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചത്. പ്രവേശനടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ഹാദിയയ്ക്ക് ക്ലാസ് ആരംഭിക്കാന്‍ ഒരാഴ്ചയെങ്കിലും വൈകുമെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ഇപ്പോഴും ഞാന്‍ സ്വതന്ത്രയല്ല. എന്റെ ഭര്‍ത്താവിനെ എനിക്ക് കാണണം. ഞാന്‍ ആവശ്യപ്പെടുന്നത് എന്റെ മൗലിക അവകാശങ്ങളാണ്’ ഒരു ദേശീയ മാധ്യമത്തോട് ഹാദിയ പറഞ്ഞു. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് താന്‍ കോടതിയിലും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ അത് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിലെ കാര്യങ്ങള്‍ എന്താണെന്ന് തനിക്കറിയില്ലെന്നും ഹാദിയ പറഞ്ഞു.

അതേസമയം ക്യാമ്പസില്‍വച്ച് ഷെഫിന്‍ ജഹാന് ഹാദിയയെ കാണാമെന്ന് കോളേജ് ഡീന്‍ അറിയിച്ചു. പൊലീസ്
സാന്നിധ്യത്തിലാവും സന്ദര്‍ശനം അനുവദിക്കുക. ഹോസ്റ്റലില്‍ ഹാദിയയ്ക്ക് സന്ദര്‍ശകരേയും മൊബൈല്‍ ഫോണും അനുവദിക്കില്ലെന്നും ഡീന്‍ വ്യക്തമാക്കി. കോളേജിലെ ഡീനിനെയാണ് സുപ്രിംകോടതി ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനായി അനുവദിച്ചിരിക്കുന്നത്. ആരെയാണ് ലോക്കല്‍ ഗാര്‍ഡിയനായി വേണ്ടത് എന്നതിന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ വേണമെന്നായിരുന്നു ഹാദിയയുടെ ആവശ്യം. എന്നാല്‍ കോളേജ് ഡീനിനെയാണ് കോടതി ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചത്.

വൈക്കം സ്വദേശിയായ അഖില എന്ന ഹോമിയോ ഡോക്ടര്‍ മതം മാറി ഇസ്‌ലാം വിശ്വാസം സ്വീകരിച്ച് ഹാദിയ എന്ന് പേര് മാറുകയും പിന്നീട് ഷെഫിന്‍ ജഹാന്‍ എന്ന കൊല്ലം സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതുമാണ് സുപ്രിംകോടതിയില്‍ എത്തി നില്‍ക്കുന്ന കേസിന് ആധാരമായ സംഭവം.

ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകള്‍ നടന്നെന്ന് പിതാവ് ആശോകനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഹൈക്കോടതി, ഹാദിയയും ഷഫിന്‍ ജഹാന്‍ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരേ ഷഫിന്‍ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാട് തേടിയശേഷം എന്‍ഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. 2008 സെപ്റ്റംബര്‍ 26 ന് നടന്ന മുംബൈ ഭീകാരക്രമണത്തിന്‌ശേഷമാണ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) രൂപീകരിച്ചത്.

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച ഭര്‍ത്താവ് ഷഹിന്‍ ജഹാന്‍ എന്‍ഐഎ അന്വേഷണത്തെ സുപ്രിംകോടതിയില്‍ എതിര്‍ത്തെങ്കിലും കോടതി കേന്ദ്രസര്‍ക്കാരിന്റെ കൂടി നിലപാട് ആരാഞ്ഞശേഷം അന്വേഷണം എന്‍ഐഎക്ക് വിടുകയായിരുന്നു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രിം കോടതി  ഇടപെട്ടില്ല. ഇക്കാര്യം ജനുവരി മൂന്നാം വാരം പരിഗണിക്കും. ഹാദിയയെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിട്ടുണ്ട് എന്നും അതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം കണക്കില്‍ എടുക്കരുത് എന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഹോമിയോ ഡോക്ടറായ ഹാദിയയ്ക്ക് ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കുന്നതിന് സുപ്രിംകോടതി തിങ്കളാഴ്ച അനുവാദം നല്‍കുകയായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്കു പോവാന്‍ ഹാദിയ വിസമ്മതിച്ച സാഹചര്യത്തിലാണ് ദില്ലിയില്‍ നിന്നും നേരിട്ട് സേലത്തെ ശിവരാജ് ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്കിയത്. സേലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഹോസ്റ്റല്‍ വാര്‍ഡന്‍ മറ്റു കുട്ടി കളെ പൊലെ തന്നെ ഹാദിയയെയും പരിഗണിക്കണം. ഹാദിയ ഹോസ്റ്റല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ഡീന്‍ വഴി കോടതിയെ അറിയിക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോളേജില്‍ ഹാദിയയുടെ സംരക്ഷണം തമിഴ്‌നാട് പൊലീസിനായിരിക്കുമെന്നുും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് ഹാദിയയെ ഇന്നലെ വൈകുന്നേരത്തോടെ വിമാനമാര്‍ഗം കോളേജില്‍ എത്തിച്ചത്.

തിങ്കളാഴ്ച തുറന്ന കോടതിയിലാണ് സുപ്രിംകോടതി ഹാദിയയുടെ വാദം കോടതി കേട്ടത്. ഭര്‍ത്താവിനൊപ്പം വിടണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അച്ഛനൊപ്പം വിടാനും കോടതി തയ്യാറായില്ല. പഠനം തുടരാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ഹാദിയയ്ക്ക് അതിനുള്ള അനുമതി നല്‍കിയ കോടതി സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിക്കുകയായിരുന്നു.

ഹാദിയയുടെ വാദം കേട്ടുതുടങ്ങിയ കോടതി ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ ഈ ചോദ്യത്തിന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി. കഴിഞ്ഞ 11 മാസക്കാലമായി ഞാന്‍ നിയമവിരുദ്ധമായ തടവിലാണ്. ഒരു നല്ല പൗരയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു നല്ല ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു, അതേസമയം എന്റെ വിശ്വാസത്തിനൊപ്പം ജീവിക്കാനും ആഗ്രഹിക്കുന്നു. ഹാദിയ പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ പഠനം തുടരാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഹാദിയയുടെ മറുപടി. പഠനം തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഭര്‍ത്താവിന് തന്നെ സംരക്ഷിക്കാന്‍ കഴിവുള്ളിടത്തോളം സര്‍ക്കാര്‍ ചെലവില്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി.

തന്നെ പഠനം പൂര്‍ത്തിയാക്കാന്‍ കോളെജിലേക്ക് തിരികെ അയക്കുകയാണെങ്കില്‍ ഭര്‍ത്താവിനെ ലോക്കല്‍ ഗാര്‍ഡിയനാക്കണമെന്ന് ഹാദിയ കോടതിയോട് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഹാദിയ പഠനം പൂര്‍ത്തിയാക്കുന്ന അടുത്ത പതിനൊന്ന് മാസം സുരക്ഷ ഒരുക്കണമെന്ന് കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

തന്റെ ഒദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു കേസ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്ന് മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. സാധാരണ ഒരു കേസ് ആയിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ഭാഗം കേട്ട് ഒരു തീരുമാനത്തില്‍ എത്തിയേനെയെന്നും എന്നാല്‍ ഇത് വളരെ അസാധാരണമായ കേസ് ആണെന്നും ബെഞ്ചിലെ മൂന്നാമത്തെ അംഗമായ എഎം ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടി.

അശോകന്റെയും എന്‍ഐഎയുടെയും ഷെഫിന്‍ ജഹാന്റെയും അഭിഭാഷകരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേട്ടത്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയായിരുന്നു സുപ്രിംകോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചത്. രഹസ്യമായി വാദങ്ങള്‍ കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. തുറന്ന കോടതിയിലെ വാദം പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ നേരിട്ട് ഹാദിയയുമായി സംസാരിക്കണമെന്നുമായിരുന്നു അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഐഎസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫീന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചുവെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കേസാണിതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top