ശമ്പളം ലഭിക്കുന്നില്ല; ചന്ദ്രമല എസ്റ്റേറ്റ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

എസ്റ്റേറ്റിലെ തൊഴിലാളികള്‍

പാലക്കാട്: ശമ്പളം ലഭിക്കാതെ നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിസന്ധിയിൽ. എസ്റ്റേറ്റിലെ 300 ഓളം തൊഴിലാളി കുടുംബങ്ങളാണ് കൃത്യമായ വേതനം ലഭിക്കാതായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യങ്ങൾ ഉന്നയിച്ച് മാനേജ്മെന്റിനെ സമീപിച്ചാൽ പിരിച്ചുവിടൽ ഭീഷണിയാണ് ലഭിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി ദുരിതത്തിലാണ്. കൃത്യമായ വേതനമോ, ജീവിത സഹചര്യമോ മാനേജ്മെന്റ് ഇവർക്ക് നല്‍കുന്നില്ല. കൃത്യമായി ശമ്പളം ലഭിക്കാതായതോടെ കുട്ടികളുടെ പഠനവും വീട്ടുചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വീടുകളും ഏറെ മോശം അവസ്ഥയിലാണ്. വൈകിയെത്തുന്ന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫും കഴിഞ്ഞ 15 മാസമായി മാനേജ്മെന്റ് അടയ്ക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. പരാതികൾ പറഞ്ഞാൽ പിരിച്ചുവിടൽ ഭീഷണിയാണ് മാനേജ്മെന്റ് ഉയർത്തുന്നതെന്നും ഇവർ വ്യക്തമാക്കി.

കുടിവെള്ളപ്രശ്നവും തൊഴിലാളികളുടെ പാഡിയിൽ രൂക്ഷമാണ്.കുടിവെള്ളടാങ്ക് പൊളിഞ്ഞിട്ട് ഒരുവർഷമായിട്ടും മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും പഞ്ചായത്ത് പൈപ്പിൽ നിന്ന് ആവശ്യത്തിന് ജലം ലഭിക്കാറില്ലന്നും ഇവിടുത്തെ തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ മാസം പാലക്കാട് ലേബർ ഓഫീസിൽ വെച്ച് നടന്ന ചർച്ചയിൽ ശമ്പളം കൃത്യമായി നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.

DONT MISS
Top