ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി, സിദ്ദിഖ് താക്കീത് നല്‍കി; കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിലെ അമ്മ താരനിശയ്ക്കിടെയായിരുന്നു സംഭവം. നടന്‍ സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് നല്‍കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നടിയുടെ സഹോദരനാണ് ആക്രമണത്തില്‍ ദിലീപിന്റെ പങ്ക് സൂചിപ്പിച്ചത്. കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി നടിയുടെ സഹോദരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ പള്‍സര്‍ സുനിയുടെ കത്ത് കൂടി പുറത്തുവന്നതോടെ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നും മൊഴിയില്‍ പറയുന്നു.

2013ല്‍ അമ്മ താരനിശയ്ക്കിടെ ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നടന്‍ സിദ്ദിഖ് ഇതിന് ദൃക്‌സാക്ഷിയാണ്. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ദിലീപുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.

കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് എട്ടാം  പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.  അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.

650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 450 ലധികം രേഖകളാണുള്ളത്. 355 സാക്ഷികളും. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന്  50 സാക്ഷികളാണ് ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും കേസിലുണ്ട്. ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍.  22 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top