മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

പ്രതീകാത്മക ചിത്രം

ജോദ്പൂര്‍ : ശൈശവ വിവാഹങ്ങള്‍ക്ക് പേരു കേട്ട സംസ്ഥാനമാണ് രാജസ്ഥാന്‍. ചെറിയ പ്രായത്തില്‍ തന്നെ ഇവിടെയുള്ള പല പെണ്‍കുട്ടികളും ഭാര്യമാരായി മാറാറുണ്ട്. സമുദായത്തിന്റെ നിര്‍ബന്ധപ്രകാരം ദപു ദേവിക്കും മൂന്ന് വയസ് പ്രായമായ തന്റെ മകളെ വിവാഹം കഴിപ്പിച്ച് അയക്കേണിവന്നു. എന്നാല്‍ പതിനാലു വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം ജോദ്പൂരിലെ കുടുംബ കോടതി മൂന്നാം വയസില്‍ നടത്തിയ വിവാഹം റദ്ദ് ചെയ്തിരിക്കുകയാണ്.

2003 ലാണ് പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി സ്വന്തം വീട്ടിലായിരുന്നു താമസിക്കുന്നത്. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ സ്‌കൂളില്‍ പോയെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരുടെ എതിര്‍പ്പുമൂലം അതും നിര്‍ത്തേണ്ടി വന്നു.

പെണ്‍കുട്ടിക്ക് ഇപ്പോള്‍ പതിനേഴുവയസ് പ്രായമാണ് ഉളളത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇവരുടെ പിതാവ് മരിച്ചു. ശേഷം അവളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന ആവശ്യവുമായി സമുദായം വീണ്ടും രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല.

സമുദായത്തിന്റെ ഭീഷണി വര്‍ദ്ധിച്ചതോടെയാണ് പെണ്‍കുട്ടി വിവാഹം റദ്ദുചെയ്യണമെന്ന ആവശ്യവുമായി ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റായ സാരഥിയില്‍ എത്തിയത്. സാരഥിയുടെ സഹായത്തോടെ വിവാഹം റദ്ദുചെയ്യണമെന്ന അപേക്ഷ  പെണ്‍കുട്ടി കുടുംബകോടതി മുമ്പാകെ  സമര്‍പ്പിച്ചു.

സാരഥിയിലെ അധികൃതര്‍ തന്നെ പെണ്‍കുട്ടിയുടെ ഭര്‍തൃ വീട്ടുകാരുമായി സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായമാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഇപ്പോള്‍ ഉള്ളത്. വിവാഹം റദ്ദു ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ ആദ്യം യുവാവും വീട്ടുകാരും തയ്യാറായില്ലെങ്കിലും നിരന്തമായി ക്ലാസുകള്‍ നല്‍കിയപ്പോള്‍ അവരും വിവാഹം റദ്ദു ചെയ്യാന്‍ തയ്യാറായി.

വിവാഹം കുടുംബ കോടതി റദ്ദുചെയ്തതോടെ വീണ്ടും പഠനം തുടരാനുള്ള ഒരുക്കത്തിലാണ് പെണ്‍കുട്ടി. പഠിക്കാനാവശ്യമായ എല്ലാ സഹായങ്ങളും സാരഥി ട്രസ്റ്റ് തന്നെ പെണ്‍കുട്ടി ഒരുക്കികൊടുക്കും.

DONT MISS
Top