തീവ്രവാദ പരാമര്‍ശം; കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹെെക്കോടതി നിര്‍ദേശം

കമല്‍ഹാസന്‍

ചെന്നൈ: തീവ്രവാദ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. കമല്‍ഹാസന്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചെന്നൈ പൊലീസിനോടാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എംഎസ് രമേശാണ് കമല്‍ഹാസനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന് അംഗീകരിക്കണമെന്നായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം. ഒരു മാസികയിലെഴുതിയ ലേഖനത്തിലായിരുന്നു കമല്‍ഹാസന്‍ അഭിപ്രായം വ്യക്തമാക്കിയത്.

കമല്‍ഹാസന്‍ മാസികയില്‍ എഴുതിയ ലേഖനം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനും താരം ശ്രമിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇന്ന് ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ച കമല്‍ഹാസന്‍ നാളെ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും തീവ്രവാദികളെന്ന് വിളിക്കുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.  ഒരു മതവും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കമല്‍ഹാസന്‍ തന്റെ വിവാദ പരാമര്‍ശങ്ങളിലൂടെ തമിഴ് ജനതക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുകയാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

DONT MISS
Top