ഭര്‍ത്താവ് ഉപേക്ഷിച്ചു, മൂന്ന് കുട്ടികളുമായി ഭാര്യ ഭര്‍ത്താവിന്റെ ബന്ധുവീടിന്റെ പടിക്കല്‍

ആലപ്പുഴ: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീ ബന്ധുവീടിനു മുന്‍പില്‍ അഭയം തേടി. ഹരിപ്പാട് താമല്ലാക്കല്‍ സ്വദേശിയായ വീട്ടമ്മയും കുട്ടികളുമാണ് ഭര്‍ത്താവ് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടുപടിക്കല്‍ അഭയം തേടിയത്.

താമല്ലാക്കല്‍ സ്വദേശിനിയായ സുജയും തോട്ടപ്പള്ളി സ്വദേശിയായ അബ്ദുല്‍ മുജീബും 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അബ്ദുല്‍ മുജീബ് സുജയുമായി ചെന്നൈയിലായിരുന്നു താമസം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്. എന്നാല്‍ മറ്റൊരു ബന്ധം സ്ഥാപിക്കാനായി തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്ന് സുജ പറയുന്നു. നാട്ടിലെത്തിയ ശേഷം അബ്ദുല്‍ മുജീബിനെതിരെ സുജ പരാതി നല്‍കി. ഇതിനിടെ അബ്ദുല്‍ മുജീബ് വേറെ വിവാഹവും കഴിച്ചു.

സുജക്കുള്ള സ്വത്തു വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കവും ഇപ്പോള്‍ കോടതിയിലാണ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അബ്ദുല്‍ മുജീബിന്റെ ബന്ധുക്കള്‍ സുജക്ക് വീട് വാടകയ്‌ക്കെടുത്തു നല്‍കി. പിന്നീട് വാടക മുടങ്ങി അവിടെ നിന്നും ഇറങ്ങേണ്ടി വന്നതോടെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ അഭയം തേടിയ സുജയെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. അതിനാല്‍ വീടിനു മുന്നിലാണ് മൂന്നു കുട്ടികളുമായി ഇവരുടെ വാസം. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നും ബന്ധുക്കളോടല്ല തന്റെ സമരമെന്നും സുജ പറയുന്നു.

അയല്‍വാസികള്‍ കൊടുക്കുന്ന ഭക്ഷണപ്പൊതികളാണ് ഇപ്പോള്‍ ഇവരുടെ ആഹാരം. അതേസമയം, അബ്ദുല്‍ മുജീബിന് അവകാശമില്ലാത്ത വീടിന്റെ വാതില്‍ക്കല്‍ വന്ന് കിടക്കാന്‍ സുജക്ക് അവകാശമില്ലെന്നാണ് അബ്ദുല്‍ മുജീബിന്റെ ബന്ധുവായ നവാസ് പറയുന്നത്.

സുജയുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ സിസിടിവി ക്യാമറകള്‍ വരെ വീട്ടുകാര്‍ സ്ഥാപിച്ചിരിക്കുകയാണ്. വീടിനു പുറത്തുള്ള ശുചിമുറിയും പൂട്ടിയിട്ടിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വിവിധ സംഘടനകള്‍ ഇടപെട്ടുവെങ്കിലും പരിഹാരമായിട്ടില്ല. സുപ്രിം കോടതി പോലും തലാഖിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടും ഈ അമ്മയക്കും മക്കള്‍ക്കും നീതി ലഭിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top