അപകടം തുടര്‍ക്കഥയാകുന്നു: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരുക്ക്

അപകടത്തില്‍പ്പെട്ട ട്രെയിന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുന്നു. മണിക്പൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം വാസ്‌കോഡഗാമ-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി മൂന്ന് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഒമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 4.18 ഓടെ ട്രെയിനിന്റെ 13 ബോഗികള്‍ പാളംതെറ്റുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് അപകടം. പാളത്തിലുള്ള വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ധ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വെ മന്ത്രിയെ മാറ്റിയിട്ടും ട്രെയിന്‍ അപകടങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സുരേഷ് പ്രഭുവിനെ മാറ്റിയാണ് ഗോയല്‍ സ്ഥാനത്തെത്തിയത്.

DONT MISS
Top