ദിലീപിനെതിരായ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ നീക്കം

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ കേസില്‍ അതിവേഗ വിചാരണ നടത്താനുള്ള നീക്കവുമായി അന്വേഷണസംഘം. ഈ  ആവശ്യവുമായി അന്വേഷണസംഘം കോടതിയെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിക്കും.

ദിലീപിനെ പോലെ സ്വാധീനശക്തിയുള്ള ആള്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ വിചാരണ നീണ്ടുപോകുന്നത് കേസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അതിവേഗവിചാരണക്കും പ്രത്യേക കോടതിക്കുമുള്ള പൊലീസ് നീക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നാൽ ദീർഘകാലം കേസിന്റെ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. ഇത് ഒഴിവാക്കാനാണ് അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നയിക്കുന്നത്.

കുറ്റപത്രത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള 50 ഓളം പേരെയും അന്വേഷണ സംഘം ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ ശക്തമായ സ്വാധീനമുള്ള ദിലീപിനെതിരേ മൊഴി നൽകിയവർ പിന്നീട് കൂറുമാറുന്നത് ഒഴിവാക്കാനാണ് പൊലീസ് നീക്കം.

DONT MISS
Top