പത്മാവതി വിവാദം ആളികത്തുന്നു; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക പിന്‍വാങ്ങി

ഹൈദരാബാദ്: സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും പിന്‍മാറി ബോളിവുഡ് നടി ദീപിക പദുകോണ്‍. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് ദീപിക പിന്‍മാറിയത്.

നവംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്രമോദിയെ കൂടാതെ  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ് അടക്കമുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന വിവരം ദീപിക അറിയിച്ചതായി തെലങ്കാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്.

ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയ്‌ക്കെതിരെ ബിജെപി അടക്കമുള്ള സംഘടകള്‍ രംഗത്തെത്തിയിരുന്നു. ദീപിക പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചതടക്കം സിനിമയ്‌ക്കെതിരെ വ്യാപക ഭീഷണികളാണ് ഉയര്‍ന്നിരുന്നത്.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റിവെക്കുകയായിരുന്നു.

റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചിത്രം ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നുവെന്നും, റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

DONT MISS
Top