സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ വിജിലന്‍സ് റെയ്ഡ്; വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി

ഫയല്‍ ചിത്രം

ആലപ്പുഴ: സിവില്‍ സപ്ലൈസിന് കീഴിലുള്ള ഗോഡൗണുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്വിന്റല്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവെച്ചതായും മറിച്ച് വിറ്റതായും കണ്ടെത്തി. വിജിലന്‍സ് വിഭാഗം ആലപ്പുഴ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ആലപ്പുഴ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും ഏതാനും റേഷന്‍ കടകളിലുമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡിവൈഎസ്പി റെക്‌സ് ബോബി അരവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ഹരിപ്പാട് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ 676 ക്വിന്റല്‍ പുഴുക്കലരിയും 522 ക്വിന്റല്‍ പച്ചരിയും സ്റ്റോക്കില്‍ നിന്നും അധികമായി കണ്ടെടുത്തു.

മറ്റു ചില റേഷന്‍ കടകളിലെ പൂഴ്ത്തിവെയ്പ്പുകളും വിജിലന്‍സ് വിഭാഗം കണ്ടെത്തി. മാവേലിക്കരയിലും ചെങ്ങന്നൂരും വിവിധ സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കുറവുള്ളതായും കണ്ടെത്തി. ചേര്‍ത്തലയിലെ അഞ്ച് ഗോഡൗണുകള്‍ പരിശോധിച്ചതില്‍ 300 ക്വിന്റല്‍ പച്ചരി കുറവുള്ളതായും വിജിലന്‍സ് വിഭാഗം കണ്ടെത്തി.

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് വഴി റേഷന്‍ കടകളിലൂടെ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇടനിലക്കാര്‍ മുഖാന്തരം പൂഴ്ത്തിവെയ്ക്കുകയും മറിച്ച് വില്‍ക്കുകയും ചെയ്യുന്ന ശൃംഖലകള്‍ സജീവമാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

DONT MISS
Top