തെറ്റുകള്‍ തിരുത്തി ഹരിവരാസനം യേശുദാസിനെക്കൊണ്ട് വീണ്ടും പാടിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമല അയ്യപ്പനെ ഉറക്കത്തിലേക്ക് ആനയിക്കുന്ന ഹരിവരാസനം തിരുത്തി പാടിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഹരിവരാസന കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി മകരവിളക്കിന് മുമ്പ് യേശുദാസിനെക്കൊണ്ട് വീണ്ടും പാടിക്കാന്‍ ശ്രമിക്കുമെന്നാണ് എ പത്മകുമാര്‍ അഭിപ്രായപ്പെട്ടത്. ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകന്‍ കൂടിയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് എ പത്മകുമാര്‍.

ശബരിമല നട അടയ്ക്കുന്നത് ഹരിവരാസനം പാടിയാണ്. ഹരിവരാസനകീര്‍ത്തനം പാടിയതില്‍ രണ്ടിടത്ത് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇത് നേരത്തെ തന്നെ യേശുദാസ് ചൂണ്ടി കാട്ടിയിരുന്നതാണ്. കീര്‍ത്തനത്തിലെ സ്വാമി എന്ന പദം ഒഴിവാക്കിയും അരി വിമര്‍ദ്ദനം എന്ന പദം അരിവി മര്‍ദ്ദനം എന്ന നിലയിലുമാണ് ആലാപനത്തിന്റെ ട്യൂണിനുവേണ്ടി പാടിയത്.

കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു. കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനായ താനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ഹരിവരാസനം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നും ഈ ട്രസ്റ്റാണ് കീര്‍ത്തനത്തിലെ തെറ്റ് തിരുത്തുന്ന കാര്യം യേശുദാസുമായി ചര്‍ച്ച ചെയ്യുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

ഇത് യാഥാര്‍ത്ഥ്യമായാല്‍ പഴയ പാട്ട് മാറ്റി സംശുദ്ധമായ കീര്‍ത്തനം തന്നെ ശബരിമലയില്‍ പ്രാബല്യത്തിലാക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. മെരിലാന്‍ഡ് സുബ്രഹ്മണ്യം 1975-ല്‍ നിര്‍മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. കീര്‍ത്തനത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ശബരിമലയില്‍ നടയടയ്ക്കുമ്പോള്‍ ഉറക്കുപാട്ടായി ഇത് ഉള്‍പ്പെടുത്തുകയായിരുന്നു. എന്നും രാത്രി നടയടക്കുമ്പോള്‍ പാടുന്ന ഹരിവരാസനം ഭക്തമനസ്സുകള്‍ക്ക് വളരെ ഹൃദ്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top