ഇത് മറ്റൊരു പമ്പ; അയ്യപ്പസ്വാമിമാര്‍ക്ക് പാപമോചനത്തിന് ഉരല്‍ക്കുഴി വെള്ളച്ചാട്ടം

ഉരല്‍കുഴി വെള്ളച്ചാട്ടം

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഉരല്‍കുഴിയിലെ സ്‌നാനം വളരെ പ്രധാനപ്പെട്ടതാണ്. ശബരിമല ശാസ്താവിന്റെ തീര്‍ത്ഥജലമായി കരുതി സ്‌നാനത്തിനെത്തുന്നവരും നിരവധി. കാട്ടാന ഭീതിയെ അവഗണിച്ചാണ് അയ്യപ്പന്‍മാര്‍ ഉരല്‍കുഴിയിലേക്കെത്തുന്നത്.

അയ്യപ്പന്‍മാര്‍ക്ക് പമ്പാസ്‌നാനം പരമപവിത്രമാണ്. പമ്പയില്‍ മുങ്ങി മലകയറി, സന്നിധാനത്ത് ദര്‍ശനത്തിന് ശേഷം ഉരല്‍കുഴിയില്‍ മുങ്ങിക്കുളിച്ച് മലയിറക്കം. അതാണ് പലര്‍ക്കും പതിവ്. പുല്‍മേട് വഴിയുള്ള കാനനപാതയിലൂടെ എത്തുന്നവര്‍ പമ്പയ്ക്ക് പകരം സ്‌നാനം നടത്തുന്നത് ഉരല്‍ക്കുഴിയിലാണ്. പാണ്ടിത്താവളത്തിലെ ആനത്താര മുറിച്ച് കടന്നുവേണം ഉരല്‍കുഴിയിലേക്കെത്താന്‍. ഇവിടെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ വെല്ലുവിളികള്‍ അതിജീവിച്ചാണ് തീര്‍ത്ഥാടകര്‍ ഉരല്‍കുഴിയിലേക്ക് എത്തുന്നത്.

കൊടും വനത്തിലെ അഞ്ച് ഉറവകള്‍ ചേര്‍ന്നാണ് ഉരല്‍കുഴി വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളം കുത്തി വീണ് ഉരലിന്റെ ആകൃതിയില്‍ കുഴി രൂപപ്പെട്ടതിനാല്‍ ഒരാള്‍ക്ക് ഇറങ്ങി കുളിക്കാനാകും. മഹിഷി നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ പാപമോചനത്തിനായി ഇവിടെ മുങ്ങിക്കുളിച്ചെന്ന വിശ്വാസം ഉരല്‍കുഴിയിലെ കുളിയെ ഇന്ന് പാപമോചനമായി കാണുന്നു.

DONT MISS
Top