ശബരിമല പൂങ്കാവനത്തിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്നു

പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിൽ പുകയില ഉത്പന്നങ്ങള്‍ക്കും മറ്റ് ലഹരി വസ്തുക്കള്‍ക്കും നിരോധനമുണ്ടെങ്കിലും ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പനയും വ്യാപകം. ഇതിനോടകം 150 ഓളം കേസുകളാണ് സന്നിധാനത്തെ എക്സൈസ് സംഘം രജിസ്റ്റര്‍ ചെയ്തത്. സന്നിധാനത്തെ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

പക്ഷേ നിലവിലെ നിയമപ്രകാരം 200 രൂപ പിഴ അടച്ചാല്‍ കുറ്റവാളി കുറ്റവിമുക്തനാകും. ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ സന്നിധാനത്ത് എത്തിച്ചാലും ഇത് തന്നെയാണ് ശിക്ഷ. 10 വര്‍ഷത്തിന് ശേഷം സന്നിധാനത്ത് നിന്ന് വിദേശമദ്യം പിടികൂടി. നാല് ലിറ്റര്‍ മദ്യം കടത്താന്‍ ശ്രമിച്ച തൃശൂര്‍ ചാലക്കുടി സ്വദേശി ഹരീഷ് ബാബു ഇപ്പോള്‍ റിമാന്‍ഡിലാണ്. 16 ഗ്രാം കഞ്ചാവുമായി കൊപ്ര കളത്തില്‍ നിന്നും ഒരു തൊഴിലാളിയേയും പരിശോധനയില്‍ പിടികൂടി. ഇത്തരക്കാര്‍ക്ക് മാത്രമെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കുകയുളളൂ.

24 അംഗ എക്സൈസ് സംഘമാണ് സന്നിധാനത്ത് ചുമതലയിലുള്ളത്. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല. രഹസ്യാന്വേഷണ വിഭാഗവും പ്രിവന്റീവ് ഓഫീസറുമുണ്ട്. എട്ട് പേര്‍ വീതമുള്ള മൂന്ന് സംഘമായി തിരിഞ്ഞ് മഫ്തിയിലും അല്ലാതെയും നടത്തുന്ന പരിശോധനകളിലാണ് നിയമലംഘകര്‍ കുടുങ്ങുന്നത്. പരിമിതമായ സൗകര്യങ്ങളാണ് എക്സൈസ് വിഭാഗത്തിന് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്.

DONT MISS
Top