സിംബാബ്‌വെയില്‍ ഭരണകക്ഷിയുടെ യോഗം ഇന്ന്: മുഗാബയെ പുറത്താക്കും

റോബര്‍ട്ട് മുഗാബെ

ഹരാരെ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സിംബാബ്‌വെയില്‍ ഭരണപക്ഷ പാര്‍ട്ടിയായ സാനു പിഎഫ് ഇന്ന് നിര്‍ണായക യോഗം ചേരും. പട്ടാളം വീട്ടുതടങ്കലിലാക്കിയ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടി തലപ്പത്തുനിന്ന് നീക്കം ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. മുഗാബെ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ചേരുന്ന യോഗം നിര്‍ണായകമാകും. അതിനിടെ, റോബര്‍ട്ട് മുഗാബെ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തും.

മുഗാബെയെ പുറത്താക്കി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായാണ് ഇന്ന് ഭരണപാര്‍ട്ടി അടിയന്തരയോഗം ചേരുന്നത്. മുഗാബെ ഉടന്‍ തന്നെ രാജിവെക്കുമെന്നും മാന്യമായ ഒരു യാത്രയയപ്പിനായാണ് അദ്ദേഹം വിലപേശുന്നതെന്നും ക്രിസ് മുത്സ്‌വാഗ്‌വ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ നിന്ന്

മുഗാബെയെ പുറത്താക്കുന്നതിനായി കഴിഞ്ഞ 18 മാസമായി കാംപെയിന്‍ നടത്തുന്ന വ്യക്തിയാണ് ക്രിസ്. മുഗാബെയെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്‌സിനെ പാര്‍ട്ടിയുടെ വുമണ്‍ ലീഗിന്റെ തലപ്പത്തുനിന്നും നീക്കം ചെയ്യുമെന്നും മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എന്‍ഗാഗ്‌വയെ തത്സ്ഥാനത്ത് തിരിച്ചുകൊണ്ടുവരുമെന്നും ക്രിസ് വ്യക്തമാക്കി.

അതേസമയം, മുഗാബെ ഇന്ന് പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കത്തോലിക്ക പുരോഹിതന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്. രാജിവെക്കാന്‍ ഇതുവരെ കൂട്ടാക്കാതിരുന്ന മുഗാബെ ഇന്ന് വഴങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ നിന്ന്

നവംബര്‍ 15 നാണ് പട്ടാളം റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കി രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തത്. 37 വര്‍ഷം നീണ്ട മുഗാബെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. പട്ടാളത്തിന്റെ നടപടിയെ രാജ്യം ഒന്നടങ്കം സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മുഗാബെ യുഗം അവസാനിച്ചത് ആഘോഷിക്കുകയാണ് രാജ്യം ഒന്നടങ്കം.

കഴിഞ്ഞ ദിവസം മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ഹരാരെയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു. ‘ഇത് ഞങ്ങളുടെ പുതിയ സ്വാതന്ത്ര്യദിനം’ എന്ന മുദ്രാവാക്യമായിരുന്നു റാലിയില്‍ മുഴങ്ങിക്കേട്ടത്.

DONT MISS
Top