സിപിഐ മുന്നണി മര്യാദ കാട്ടിയില്ല; പിബി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിണറായി വിജയന്‍

ദില്ലി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐഎമ്മിന്റെ അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. തോമസ് ചാണ്ടി രാജി വെയ്ക്കുമെന്ന് അറിഞ്ഞിട്ടും സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. സിപിഐയ്ക്കുള്ള മറുപടി പറയാന്‍ സംസ്ഥാന നേതൃത്വത്തെ അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തി.

ദേശീയ മാധ്യമസ്ഥാപനം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി, വിമാനത്താവളത്തില്‍ നിന്ന് നേരെ സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലേക്കാണ് പോയത്. എകെജി ഭവനില്‍ ആ സമയത്ത് ചേരുകയായിരുന്ന അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയം വിശദീകരിച്ചു. ദില്ലിയില്‍ ഇല്ലാതിരുന്നതിന്നാല്‍ സീതാറാം യെച്ചൂരി യോഗത്തിനില്ലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടായപ്പോള്‍ത്തന്നെ ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന സൂചന എന്‍സിപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ഹൈക്കോടതി നടപടികള്‍ക്ക് ശേഷം ദില്ലിയിലേക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടിയോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ തന്നെ കണ്ട തോമസ് ചാണ്ടിയോടും ടിപി പീതാംബരനോടും രാജി അനിവാര്യമാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ നാലു ദിവസത്തെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെടുകയാണുണ്ടായത്. ഇത് താന്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് ബുധനാഴ്ച 11 മണിക്കകം തീരുമാനം അറിയിക്കാമെന്ന് തോമസ് ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും അറിയിക്കുകയായിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കന്നതില്‍ നിന്ന് ചാണ്ടിയെ വിലക്കാനാകില്ലായിരുന്നുവെന്നും പിണറായി അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയെ അറിയിച്ചു.

സിപിഐ നേതാക്കളുമായി എല്‍ഡിഎഫിന് മുമ്പ് നടത്തിയ ഉഭയകക്ഷി യോഗത്തില്‍ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനായിരുന്നു ധാരണ. തോമസ് ചാണ്ടി രാജി വെയ്ക്കുമെന്ന് അറിഞ്ഞിട്ടും സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. സിപിഐ മുന്നണി മര്യാദ ലംഘിച്ചുവെന്നും സിപിഐയുടെ നിലപാട് ഇടത് ഐക്യത്തിന് യോജിച്ചതല്ലെന്നും പിണറായി യോഗത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിഷയം ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ ബാധിക്കാത്ത തരത്തില്‍ സിപിഐയ്ക്ക് മറുപടി പറയാന്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തെ അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top