കെപിസിസിയുടെ ആവശ്യം തള്ളി; തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുമെന്ന് വിവേക് തന്‍ഖ

വിവേക് തന്‍ഖ

കൊച്ചി: കായല്‍ കൈയേറ്റ ആരോപണത്തില്‍ കുരുക്ക് മുറുകി നില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖ തന്നെ ഹാജരാകും. തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന കെപിസിസിയുടെ ആവശ്യം തന്‍ഖ തള്ളി. മധ്യപ്രദേശിലെ മുന്‍ അഡ്വക്കേറ്റ് ജനറലാണ് തന്‍ഖ.

തോമസ് ചാണ്ടി തന്റെ അടുത്ത സുഹൃത്താണെന്നും അഭിഭാഷകനെന്ന നിലയിലാണ് കേസില്‍ ഹാജരാകുന്നതെന്നും തന്‍ഖ പറഞ്ഞു. പഴയ സുഹൃത്തിന് വേണ്ടി വാദിക്കാന്‍ കൊച്ചിയിലെത്തിയെന്നും ഒരു മന്ത്രി കളക്ടറുടെ ഓര്‍ഡറിനെ ചോദ്യം ചെയ്യുന്നത് അപൂര്‍വ്വ സംഭവമാണെന്നും തന്‍ഖ ട്വിറ്ററില്‍ കുറിച്ചു. കളക്ടറാണോ മന്ത്രിയാണോ ശരിയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് തന്‍ഖ ഹാജരാകുന്നത്.

കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഇന്ന് രാവിലെ തന്‍ഖയെ ഫോണില്‍ വിളിച്ച് ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍ഹ ഹാജരാകുന്നതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നികിനെ അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും തന്‍ഖ മുഖവിലയ്‌ക്കെടുത്തില്ല.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തുള്ള പ്രതിപക്ഷം സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തന്നെ രാജ്യസഭാംഗമായ അഭിഭാഷകന്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നതിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എതിര്‍പാര്‍ട്ടികള്‍ ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രിസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തും.

DONT MISS
Top