ബില്യണ്‍ ക്യാപ്ച്ചര്‍ പ്ലസ്: ഇത് ഫ്ളിപ്‌കാര്‍ട്ടിന്റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍

തങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോറുപയോഗിച്ച് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ കോടികള്‍ ഉണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഫ്ളിപ്‌കാര്‍ട്ടിന്റെ പുതിയ നീക്കമാണ് സ്വന്തമായി ഒരുനിര സ്മാര്‍ട്ട് ഫോണുകള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യുക എന്നത്. ബില്യണ്‍ എന്നുപേരായ ഈ ബ്രാന്‍ഡിന്റെ പുതിയതും ആദ്യത്തേതുമായ മോഡലാണ് ക്യാപ്ച്ചര്‍ പ്ലസ്. ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഒപ്പോ, വാവെയ്, ജിയോണി എന്നിവര്‍ വിപണിയില്‍നിന്ന് പണം വാരുമ്പോള്‍ ഫ്ളിപ്‌കാര്‍ട്ട് പോലുള്ള ഇന്ത്യന്‍ കമ്പനി ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിരുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്.

ക്വാല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസ്സറും 3/4 ജിബി റാം വേരിയന്റുകളും ഈ മോഡലിന് ഉണ്ടാകും. 32/64 ജിബി എന്നിങ്ങനെയാകും ആന്തരിക സംഭരണ ശേഷി. 128 ജിബി വരെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാം. 2.5 ഡി 5.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. വീണുടയുന്നത് തടയാന്‍ ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസാണ് ക്യാപ്ച്ചറിനുള്ളത്. ഷവോമിയോട് സാമ്യം തോന്നിക്കുന്ന രീതിയില്‍ പിന്നിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് ഇരുളില്‍ ചിത്രങ്ങള്‍ക്ക് മിഴിവേകും.

ഫോണിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്ന ഘടകം മോഡലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഫോട്ടോ എടുക്കാനുള്ള ശേഷിയാണ്. ഇരട്ട പിന്‍ ക്യാമറകളാണ് ഇക്കാര്യത്തില്‍ ഫോണിനെ സഹായിക്കുന്നത്. ഇരു ക്യാമറകള്‍ക്കും 13 മെഗാ പിക്‌സലാണ് ശേഷി. ഒരുക്യാമറ ആര്‍ജിബി സെന്‍സറും മറ്റേത് മോണോക്രോം സെന്‍സറും ഉപയോഗിക്കുന്നു. മികച്ച നിലവാരം തരുന്നുണ്ട് പിന്‍ ക്യാമറ. രണ്ടുതരത്തിലുള്ള സെന്‍സറുകളുപയോഗിച്ച് ബൊകെ എഫക്ടും മറ്റും നന്നായിത്തന്നെ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ മുന്‍ ക്യാമറ ഈ വിലനിലവാരത്തിലുള്ള മറ്റ് ഏത് ഫോണുകള്‍ പോലെയും ശരാശരിയാണ്. 8 മെഗാ പിക്‌സലാണ് മുന്‍ ക്യാമറ.

3,500 മില്ലിആമ്പിയര്‍ ബാറ്ററിയുള്ള ഫോണ്‍ നൂഗട്ട് ഒഎസില്‍ പുറത്തുവരും. സ്റ്റോക്ക് ആന്‍ഡ്രോയ്ഡിനോട് ഏറെ സാമ്യമുണ്ട് ബില്യണ്‍ ഫോണ്‍ ഓഎസിന് എന്ന് പുറത്തുവന്ന വീഡിയോ റിവ്യൂകള്‍ ചൂണ്ടിക്കാട്ടുന്നു. ഓറിയോ അപ്‌ഡേറ്റും ഉടന്‍ ലഭിക്കും. ബുക്കിംഗ് ആരംഭിച്ച ഫോണിന്റ രണ്ട് വേരിയന്റുകള്‍ 9,999 രൂപയ്ക്കും 12,999 രൂപയ്ക്കും ലഭ്യമാണ്. വരുന്ന 15 -ാം തിയതിമുതലാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. എന്നാല്‍ വിലയിരുത്തലുകള്‍ക്കായി ടെക് വിദഗ്ധരായ ഏതാനും ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഫോണ്‍ നല്‍കിയിട്ടുണ്ട്.

ഫോണിന്റെ പിന്നില്‍ ബില്യണ്‍ എന്ന ബ്രാന്‍ഡ് നാമത്തിന് പുറമെ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും മെയ്ഡ് ഫോര്‍ ഇന്ത്യ എന്നും എഴുതിയിട്ടുണ്ട്. എന്നാലിത് ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവരെ പ്രീണിപ്പിക്കാന്‍ മാത്രമാണെന്ന് വ്യക്തം. ഫോണിന് പിന്നില്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് തികഞ്ഞ വൃത്തികേടായാണ് അനുഭവപ്പെടുന്നത്. ഇത്രയും പണം മുടക്കുന്നവര്‍ പ്രതീക്ഷിക്കുന്ന മികവ് മൊത്തത്തിലുള്ള ഡിസൈനിലുണ്ട്.

ഇന്ത്യയില്‍ മൊത്തമായി 130 സര്‍വീസ് സെന്ററുകള്‍ ബില്യണ്‍ സ്മാര്‍ട്ട് ഫോണിനുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ കേരളത്തിലെവിടെയാണ് സര്‍വീസ് സെന്ററുകള്‍ ഉണ്ടാവുക എന്ന് കുറച്ചുകൂടി കഴിഞ്ഞേ വ്യക്തമാകൂ. ഏത് കമ്പനിയാണ് ഫ്ളിപ്‌കാര്‍ട്ടിനായി ഫോണ്‍ നിര്‍മിച്ച് നല്‍കുന്നത് എന്നതും വിവിധ ഫോറങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ആരായുന്നുണ്ട്. ആമസോണും സ്‌നാപ്ഡീലും ഫ്ളിപ്‌കാര്‍ട്ടിന്റെ വഴിയേ സ്മാര്‍ട്ട് ഫോണുകളുമായി എത്താനുള്ള സാധ്യതതയും ഇതോടെ തെളിയുന്നു. അങ്ങനെയെങ്കില്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വില്‍പ്പനയില്‍ ഇടിവ് നേരിടേണ്ടിവരും. സാധാരണയായി പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തുമ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ അവരുടേതായ രീതിയിലും അവ മാര്‍ക്കറ്റ് ചെയ്യാറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top