വിജയവാഡയില്‍ ബോട്ടുമറിഞ്ഞ് 19 പേര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

അപകടത്തില്‍പ്പെട്ട ബോട്ട്

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ബോട്ടുമറിഞ്ഞ് 19 പേര്‍ മരിച്ചു, ഏഴ് പേരെ കാണാതായി. വിജയവാഡയിലെ കൃഷ്ണ നദിയിലാണ് 41 പേരുമായി പോകുകയായിരുന്ന ബോട്ട് അപകടത്തില്‍ പെട്ടത്.

38 വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട 15 പേരെ മത്സ്യബന്ധനത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. മരിച്ചവരില്‍ ആറ് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടും.

പവിത്ര സംഗമ ഉത്സവ ചടങ്ങുകള്‍ കാണാനെത്തിയവരാണ് ബോട്ടിലുണ്ടായത്. പ്രകാശം ജില്ലയിലെ ഓണ്‍ഗോള്‍ വാക്കേഴ്‌സ് ക്ലബ് അംഗങ്ങളാണ് ഭൂരിഭാഗം പേരും. മറ്റുള്ളവര്‍ നെല്ലൂര്‍ സ്വദേശികളാണ്. പവിത്ര സംഗമത്തിനടുത്ത് ബോട്ടടുത്തപ്പോള്‍ സഞ്ചാരികള്‍ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ 24 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബോട്ടില്‍ എണ്ണത്തിലധികം യാത്രക്കാരെ കയറ്റിയതാണ് ദുരന്തത്തിലേക്ക് നീങ്ങിയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

അപകടം നടന്ന സ്ഥലം അധികൃതര്‍ സന്ദര്‍ശിക്കുന്നു

ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങളും കൃഷ്ണ ജില്ലാ അധികാരികളും സംഭവസ്ഥലത്തെത്തി കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ആഭ്യന്തരമന്ത്രി ചിന്നരാജപ്പ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശ് സര്‍ക്കാരും ദുരന്തസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

റിവര്‍ ബോട്ട് അഡ്വഞ്ചേഴ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട ബോട്ടെന്ന് ടൂറിസം സെക്രട്ടറി മുകേഷ് കുമാര്‍ മീന പറഞ്ഞു. രണ്ട് ചെറിയ ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ് കമ്പനിയെ അനുവദിച്ചിട്ടുള്ളതെന്നും ലൈസന്‍സ് ഇല്ലാതെ ബോട്ടെടുതത്തതില്‍ ഉടമകള്‍ക്കെതിരെ ടൂറിസം വകുപ്പ് ക്രിമിനല്‍ കുറ്റം ചുമത്തി കേസ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top