“ആര്‍ക്കും അറിയില്ല എന്താണ് സംഭവമെന്ന്, ഇനി തെറ്റിദ്ധാരണകളില്ല, പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്, ദേവസ്വം ബോര്‍ഡിന്റെ പണം എങ്ങും പോകുന്നില്ലെന്ന് അറിയാം, ഹിന്ദുക്കള്‍ക്കിടയിലുള്ള അനാചാരങ്ങളാണ് അവസാനിപ്പിക്കേണ്ടത്”, മനസുതുറന്ന് മേജര്‍ രവി

ഹിന്ദുക്കള്‍ ഉണരണം എന്ന പേരില്‍ കലാപാഹ്വാനം നടത്തിയ മേജര്‍ രവി ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് മനസുതുറന്നു. സത്യത്തില്‍, തൃശ്ശൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനേപ്പറ്റി വികാരം കൊള്ളുന്ന ആളുകള്‍ക്ക് യാതൊന്നും അറിയില്ലെന്ന് രവി പറഞ്ഞു. കാര്യം മനസിലാക്കാതെയാണ് ആദ്യം പ്രതികരിച്ചത് എന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് തുറന്നുപറഞ്ഞു.

ക്ഷേത്രം പ്രകടനം നടത്തേണ്ട സ്ഥലമല്ല, ഹര്‍ത്താലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മേജര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ വിശ്വാസികളെ പ്രവേശിപ്പിക്കില്ല എന്നു പറയുന്നതും തെറ്റാണ്. അറിവില്ലായ്മകൊണ്ട് പലരും പലതും പറയുമ്പോള്‍ നമ്മള്‍ കൗണ്ടര്‍ ചെയ്യും. അതുകഴിഞ്ഞ് കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടു. അതില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അഭിപ്രായങ്ങളില്ല എനിക്ക്- അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ പണം എങ്ങും പോകുന്നില്ലെന്നും തനിക്കറിയാം. അത് ഹജ്ജിനോ ഇറ്റലിക്കോ പോകുന്നില്ലെന്നും അറിയാം. അങ്ങനെ പറയുന്നവരൊടെല്ലാം താന്‍ എതിര്‍ത്ത് സംസാരിക്കാറുണ്ട്. അഥവാ അങ്ങനെ ആ പണമെടുത്ത് ഹജ്ജിന് പോകുന്നുവെങ്കില്‍ത്തന്നെ ഒരു സനാതന ധര്‍മം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലയില്‍ സന്തോഷിക്കുകയാണ് വേണ്ടത് എന്നാണ് അഭിപ്രായമെന്നും രവി കൂട്ടിച്ചേര്‍ത്തു.

“ഇങ്ങനെ ഒരു സംഗതി താന്‍ പറഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ കരുതുന്നു. കാരണം കാര്യത്തിന് വ്യക്തത ഇപ്പോഴാണ്. ദേവസ്വം ബോര്‍ഡിന്റെ പണം പൊതു ഖജനാവിലേക്ക് പോകുന്നില്ലെന്ന് മാത്രമല്ല ദേവസ്വം ബോര്‍ഡിന് പൊതു ഖജനാവില്‍നിന്ന് അങ്ങോട്ടേയ്ക്കാണ് പണം സര്‍ക്കാര്‍ കൊടുക്കുന്നത് എന്ന വസ്തുത മനസിലാക്കുന്നു”, അദ്ദേഹം പറഞ്ഞു

താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. ഒരു പാര്‍ട്ടിയുടേയും അംഗമാകാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും മേജര്‍ രവി തീര്‍ത്തുപറയുന്നു. മാത്രമല്ല ഹിന്ദുക്കളുടെ ഇടയില്‍ നില നില്‍ക്കുന്ന ജാതി വിവേചനത്തെ മേജര്‍ രവി രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തു. ഇന്ന ആളുകള്‍ക്ക് ഇന്ന അമ്പലങ്ങളില്‍ കയറാനാവില്ല, എന്നൊക്കെയുള്ള രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ അമ്പലങ്ങളെ പുനരുദ്ധരിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണ്. ഹര്‍ത്താലിന് താന്‍ എതിരാണ്. നിയമത്തിന് നിരക്കാത്ത ഒന്ന് ഇന്നേവരെ ചെയ്തിട്ടില്ല. ഒന്നും വേണമെന്ന് വിചാരിച്ച് പറയുന്നതല്ല. ചിലപ്പോള്‍ ചിലര്‍ പറയുന്നത് ശരിയാണെന്ന് തോന്നും. എന്നാല്‍ പഠിച്ചുകഴിയുമ്പോള്‍ അത് തെറ്റാണെന്ന് മനസിലായേക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടറിന്റെ അഭിമുഖപരിപാടിയ്ക്കിടയില്‍ അഞ്ചുതവണയോളം തെറ്റിദ്ധാരണകൊണ്ടാണ് നേരത്തെ പ്രചരിച്ച ശബ്ദ രേഖ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംവരണം എടുത്തുകളയണം എന്ന തികഞ്ഞ പിന്തിരിപ്പന്‍ നിലപാട് അദ്ദേഹം സ്വീകരിച്ചതും ശ്രദ്ധേയമായി.

ക്ലോസ് എന്‍കൗണ്ടറിന്റെ പൂര്‍ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിന്റെ യുടൂബ് പേജില്‍ ലഭ്യമാണ്.

DONT MISS
Top