ഗെയ്ൽ പൈ­പ്പ് ലൈന്‍: ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി

മു­ഖ്യ­മ­ന്ത്രി­യു­ടെ അ­ദ്ധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന യോഗം

തിരുവനന്തപുരം: ഗെയ്ൽ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. കോഴിക്കോട് മുക്കം മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഷ്ടപരിഹാര പാക്കേജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ അഞ്ച് മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി.

പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ള വരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്നതിന് വിട്ടുകൊടുക്കേണ്ട സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടു വയ്ക്ക ത്തക്കരീതിയില്‍ അലൈന്‍മന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തില്‍ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂ ഉടമയ്ക്ക് നല്‍കും.

പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷം രൂപ നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു.

നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുന്നതും.

വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജിന്റെ രീതിയില്‍ ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ പ്രകാരം മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാനും തീരുമാനമായി. ഇതിനുസരിച്ച് നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരം ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നല്‍കും. ചര്‍­ച്ച­യില്‍ മന്ത്രി എസി മൊയ്തീന്‍, കളക്ടര്‍മാര്‍, ഗെയ്ല്‍ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

കോഴിക്കോട് നടന്ന ഗെയ്ല്‍ വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ കളക്ടരുടെ ചേംബറില്‍ നേരത്തെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവിലവര്‍ദ്ധിപ്പിക്കുന്നതും നെല്‍വയലിന് വില അധികം നല്‍കുന്നതും അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി എസി മൊയ്തീനും കോഴിക്കോട് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. ഈ ധാരണയനുസരിച്ചാണ് ഇന്ന് യോഗം ചേര്‍ന്നത്.

സര്‍­ക്കാര്‍ തീ­രു­മാന­ത്തെ ഗെയ്ൽ സ­മ­ര­സ­മി­തി സ്വാഗ­തം ചെ­യ്തു. ഇ­തോ­ടെ വാത­ക­പൈ­പ്പ് ലൈന്‍ പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യുള്ള പൈ­പ്പ് ലൈന്‍ സ്ഥാ­പി­ക്കല്‍ പു­ന­രാ­രം­ഭി­ക്കാന്‍ ക­ഴി­യു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്നത്.

DONT MISS
Top