ഇടുക്കിയില്‍ രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കാത്ത സംഭവം: വനിതാ ജീവനക്കാരിക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തു

പ്രതീകാത്മക ചിത്രം

പൈനാവ് : ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കാത്ത നടപടിയില്‍ വനിതാ ജീവനക്കാരിക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. ജീവനക്കാരിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ ഉത്തരവായി. കഴിഞ്ഞദിവസമാണ് നൂറ്കണക്കിന് രോഗികള്‍ കാത്തു നില്‍ക്കുമ്പോള്‍ ഒപി ടിക്കറ്റ് നല്‍കാത്ത ജീവനക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. തുടര്‍ന്ന് മാധ്യമ വാര്‍ത്തയായതോടെയാണ് നടപടി.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ ഇടുക്കി ജില്ലാ ആശുപത്രിയിലാണ് കൊച്ചുകുട്ടികളും പ്രായമായവരും അടക്കം നൂറ്കണക്കിന് രോഗികള്‍ ക്യൂ നില്‍ക്കുമ്പോള്‍ പ്രാദേശിക സിപിഐഎം നേതാവിന്റെ ഭാര്യകൂടിയായ ജീവനക്കാരി ഒപി ടിക്കറ്റ് നല്‍കുവാന്‍ തയ്യാറാ­കാ­തി­രുന്നത്.

തുടര്‍ന്ന് രോഗികള്‍ ചേദ്യം ചെയ്തപ്പോള്‍ സൂപ്രണ്ടിനോട് പരാതിപെടാനായിരുന്നു മറുപടി. ഇത് കണ്ണ് പരിശോധനയ്ക്കായിട്ടെത്തിയ യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ചേദ്യത്തിന് മറുപടിപറയാതെ ജീവനക്കാരി ഇറങ്ങിപോകുന്നതും വീഡിയോ ദൃശ്യം പകര്‍ത്തിയ യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നുള്ള ഭീഷിണിയും വീഡിയോയില്‍ വ്യക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ മാധ്യമങ്ങളും ഇതേറ്റെടുത്തു. തുടര്‍ന്നാണ് ജീവനക്കാരിക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത്. താല്‍ക്കാലികമായി സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായിട്ടുള്ള ഉത്തരവും പുറത്തിറങ്ങി.

DONT MISS
Top