വ്യാജരേഖയിലൂടെയല്ല ഭൂമി സ്വന്തമാക്കിയതെന്ന് ജോയ്‌സ് ജോര്‍ജ് എംപി; പ്രതികരിക്കാതെ റവന്യൂമന്ത്രി

ജോയ്സ് ജോര്‍ജ്ജ് എംപി, മന്ത്രി ഇ ചന്ദ്രശേഖരന്‍

ഇടുക്കി: തന്റെ കൈവശഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ജോയ്‌സ് ജോര്‍ജ് എംപി. വിഷയത്തില്‍ തന്നോട് വിശദീകരണം തേടിയില്ലെന്നും എംപി പറഞ്ഞു. കോട്ടക്കാമ്പൂരിലെ കൈവശഭൂമിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജോയ്‌സ് ജോര്‍ജ്.

വട്ടവട പഞ്ചായത്തിലെ കോട്ടക്കാമ്പൂരില്‍ 24 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയ ശേഷമാണെന്ന് ജോയ്‌സ് ജോര്‍ജ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ തന്നോട് വിശദീകരണം ചോദിക്കുകയോ തന്റെ ഭാഗം വ്യക്തമാക്കാന്‍ അവസരം നല്‍കുകയോ ചെയ്തില്ല. സ്വാഭാവിക നീതിയുടെ നിഷേധമാണ് നടന്നത്. എംപി റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

അതേസമയം, എംപിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ റവന്യൂമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ കൈയേറിയത് വനഭൂമിയാണെങ്കില്‍ അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പ്രതികരിച്ചു. വ്യാജരേഖയാണെങ്കില്‍ ആ ഭൂമി സര്‍ക്കാര്‍ നിശ്ചയമായും ഏറ്റെടുക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പട്ടയങ്ങള്‍ നല്‍കിയതെന്നാണ് മനസിലാക്കുന്നത്. അങ്ങനെയല്ലെങ്കില്‍ നിയമനടപടി തുടരാനാണ് സാധ്യത.

പട്ടയം റദ്ദാക്കിയ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പട്ടയം റദ്ദാക്കിയ സംഭവത്തില്‍ സബ്കളക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. എംപിയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജും ജോയ്‌സിന് പിന്തുണയുമായി രംഗത്തെത്തി. വ്യാജരേഖ ചമച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്ന് പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

DONT MISS
Top