‘ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണ്; വീണു കിടക്കുന്ന ഇന്‍ഡിഗോയെ വീണ്ടും ട്രോളി എയര്‍ ഇന്ത്യ

ദില്ലി: യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദത്തിലായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ചെറിയൊരു കൊട്ടുകൂടി കൊടുത്ത് എയര്‍ ഇന്ത്യ. ‘ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണെന്നാണ്’ പരോക്ഷമായി ഇന്‍ഡിഗോയെ സൂചിപ്പിച്ച് എയര്‍ ഇന്ത്യയുടെ ട്രോള്‍. ട്വിറ്ററിലൂടെയായിരുന്നു എയര്‍ ഇന്ത്യയുടെ വീണു കിടക്കുന്നവനെ വീണ്ടും ചവിട്ടുന്ന ട്രോള്‍.

കഴിഞ്ഞ മാസമായിരുന്നു ഇന്‍ഡിഗോയുടെ വിവാദത്തിന് കാരണമായ സംഭവം നടന്നത്. ദില്ലി വിമാനത്താവളത്തില്‍ എത്തിയ രാജീവ് കട്യാല്‍ എന്ന യാത്രക്കാരനെ ഇന്റിഗോയുടെ ഗ്രൌണ്ട് സ്റ്റാഫുകളായിരുന്നു മര്‍ദ്ദിച്ചത്. വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാര്‍ക്ക് പോകാനുള്ള ബസ്സ് വരാത്തതിനെ രാജീവ് ചോദ്യം ചെയ്തു. അതാണ് പ്രശ്‌നത്തിന് കാരമായത്. രാജീവ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇന്റിഗോ ജീവനക്കാര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. യാത്രക്കാരനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ എടുത്ത് മറ്റ് യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയതോടെ് ഇന്റിഗോ അധികൃതര്‍ മാപ്പു പറയുകയും ചെയ്തു.

ഈ സംഭവത്തെത്തുടര്‍ന്ന് പുലിവാലു പിടിച്ചു നില്‍ക്കുന്ന ഇന്‍ഡിഗോയെ വീണ്ടുമൊന്നു തോണ്ടി ചെറിയൊരു പണി കൊടുത്ത് വിനയം കാണിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. എന്തായാലും തക്കസമയത്തുള്ള എയര്‍ ഇന്ത്യയുടെ ട്രോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞങ്ങള്‍ കൈ ഉയര്‍ത്താറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണെന്നുള്ള ആത്മാര്‍ത്ഥമായ വാക്കുകളില്‍ ആര്‍ക്കും കുറ്റം കണ്ടു പിടിക്കാന്‍ പറ്റില്ല. എന്നാല്‍ മറ്റുള്ളവര്‍ കൈ ഉയര്‍ത്തുന്നത് യാത്രക്കാരെ തല്ലാനാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

മറ്റൊരു ട്വീറ്റില്‍ പരാജയപ്പെടാത്ത സേവനം എന്നും എയര്‍ ഇന്ത്യ കുറിച്ചിട്ടുണ്ട്. പരാജയപ്പെട്ട സേവനങ്ങള്‍ വേറെയുണ്ടോ എന്ന് ചോദിച്ചാല്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നുമില്ല. മനപ്പൂര്‍വ്വമല്ലെങ്കിലും ട്വീറ്റില്‍ ബീറ്റ് എന്ന ഇംഗ്ലീഷ് വാക്ക് പ്രത്യേക നിറത്തില്‍ എഴുതി ശ്രദ്ധ ക്ഷണിക്കാനും എയര്‍ ഇന്ത്യ ആത്മാര്‍ത്ഥത കാണിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ട്രോളിന് രസകരമായ പ്രതികരണങ്ങളാണ് ആളുകളില്‍ നിന്ന് ലഭിച്ചത്. എയര്‍ ഇന്ത്യയ്ക്ക് ഇത്രയേറെ ഹ്യൂമര്‍ സെന്‍സുണ്ടെന്ന് ഇപ്പഴാണ് അറിയുന്നതെന്ന് പലരും കമന്റ് ചെയ്തു. ഇതിലും നല്ല പരസ്യം വേറെയില്ലെന്നും നിരവധിയാളുകള്‍ തമാശരൂപേണെ പ്രതികരിച്ചു.

അതേസമയം ജെറ്റ് എയര്‍വേയ്‌സിന്റെ പേരിലും സമാനമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ക്യാംപയിനുകള്‍ തങ്ങളുടെ അറിവോടെയല്ലെന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രതികരിച്ചു. തങ്ങള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്കെതിരായി പരിഹാസരൂപേണെ യാതൊരു കമന്റുകളും ഇട്ടിട്ടില്ലെന്നും പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top