ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ; സുപ്രിം കോടതിയുടെ വിമര്‍ശനം

ജിഷ്ണു പ്രണോയ്

ദില്ലി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രിം കോടതിയില്‍. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ നിലപാടില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ കാര്യത്തില്‍ തീരുമാനം നാലുമാസം വൈകിപ്പിച്ചതിന് സിബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി ബുധനാഴ്ച ഉത്തരവിറക്കും.

നിരവധി അഴിമതി കേസുകളടക്കം അന്വേഷിക്കാനുള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്നുമാണ് സിബിഐ സുപ്രിം കോടതിയെ അറിയിച്ചത്. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂ. അതിന് പര്യാപ്തമായ സംവിധാനങ്ങള്‍ കേരളാ പൊലീസിനുണ്ടെന്നും സിബിഐ പറഞ്ഞു. അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ നേരത്തെ സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചു. അത് എഎസ്ജി പറഞ്ഞത് പ്രകാരമാണെന്നും സിബിഐ നിര്‍ദേശ പ്രകാരം അല്ലെന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി.

തുടര്‍ന്നാണ് സിബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം ഏറ്റെടുക്കുമെന്ന സൂചനയാണ് സിബിഐ നല്‍കിയത്. നാലുമാസം കഴിഞ്ഞാണ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് പറയുന്നത്. സംസ്ഥാന സര്‍ക്കാരും സിബിഐയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് പോവാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാര്യങ്ങള്‍ വിശദമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

DONT MISS
Top