നോട്ടുനിരോധനമെന്ന മണ്ടത്തരത്തിന് ക്ഷമ ചോദിക്കാന്‍ തയ്യാറാണോ?; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ്

പ്രകാശ് രാജ്

ചെന്നൈ: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. നോട്ടുനിരോധനം ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

‘നോട്ടുനിരോധനം സമ്പന്നര്‍ക്ക് കള്ളപ്പണം വെളുപ്പിച്ച് പുത്തന്‍ നോട്ടുകളാക്കാന്‍ സഹായകമായി. ദുരിതം അനുഭവിക്കേണ്ടി വന്നത് സാധാരണക്കാരാണ്. നട്ടംതിരിഞ്ഞത് തൊഴിലാളികളാണ്. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ക്ഷമ ചോദിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?,’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടാം തീയതിയാണ് രാജ്യത്തെ നടുക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണത്തിനും തീവ്രവാദത്തിനും എതിരെയുള്ള ചുവടുവെയ്പാണ് നടപടി എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

നേരത്തെ ഒക്ടോബറില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഗൗരിയുടെ മരണം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് താരം ഉന്നയിച്ചത്. കൂടാതെ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന ഉലകനായകന്‍ കമല്‍ഹാസന്റെ പ്രസ്താവനകളെ പിന്തുണച്ചും അദ്ദേഹം മുന്നോട്ട് വന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top